 
കൊല്ലം: കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ഡ്യൂട്ടി സമയത്ത് അകാരണമായി വിളിച്ചുവരുത്തി മാനസിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സമരപരിപാടികൾ ആരംഭിച്ചു. അസോസിയേഷന്റെ വനിതാ വിഭാഗമായ 'നിവേദിത'യുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഡോക്ടർമാർ വായ് മൂടിക്കെട്ടി സമരം നടത്തി.
കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്ന ഡോക്ടറെ ഡ്യൂട്ടി സമയത്ത് വിളിച്ചുവരുത്തി സമൂഹമദ്ധ്യത്തിൽ വച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിച്ചത് ഹീനമാണെന്നും തെറ്റായ പരാമർശങ്ങൾ ഉടനടി പിൻവലിച്ച് ഇനിമേൽ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ നിവേദിത വൈസ് പ്രസിഡന്റ് ഡോ. രജനി, സെക്രട്ടറി ഡോ. അഞ്ജു ജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. കൺവീനർമാരായ ഡോ. ശ്രീലക്ഷ്മി, ഡോ. ശരണ്യ, ഡോ. ലക്ഷ്മി എന്നിവരും പങ്കെടുത്തു.
ഖേദപ്രകടനം നടത്തിയില്ലെങ്കിൽ കളക്ടറെ ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള തുടർസമര പരിപാടികളിലേക്ക് കടക്കുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. എസ്. അജയകുമാർ, സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെരിയ എന്നിവർ അറിയിച്ചു.