
അഞ്ചൽ: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് പേർ അഞ്ചൽ പൊലീസിന്റെ പിടിയിലായി. നെടിയറ ഉഷസ് ഭവനിൽ ഉന്മേഷ് (36), കുരുവിക്കോണം കെ.ആർ. ഭവനിൽ അനീഷ് (28), പാണയം അനുവിലാസത്തിൽ അഖിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ അഞ്ചൽ കൈതാടിയിലാണ് സംഭവം. അഖിലും കൂട്ടുകാരുമൊത്ത് കൈതാടിയിലുള്ള ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തു. ഈ വിവരം അഖിലിന്റെ ഭാര്യാമാതാവ് അഞ്ചൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് എസ്.ഐയും ഒരു കോൺസ്റ്റബിളും സ്ഥലത്തെത്തി അഖിലിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇതിനിടെ അഖിലും സുഹൃത്തുക്കളും ചേർന്ന് എസ്.ഐ യേയും കോൺസ്റ്റബിളിനേയും തള്ളിയിടുകയും അക്രമാസക്തമാരാവുകയും ചെയ്തു. വിവരം അറിയിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തത്.