 
തഴവ : ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച തർക്കം പാവുമ്പ വില്ലേജ് ഓഫീസിന്റെ നവീകരണ പ്രവർത്തനത്തെ അനിശ്ചിതത്വത്തിലാക്കി. ഇതോടെ നിരവധി കുടുംബങ്ങളുടെ വസ്തു തർക്കം പരിഹരിച്ചിരുന്ന വില്ലേജ് അധികൃതർ പ്രതിസന്ധിയിലായി.പാവുമ്പ പാലമൂട് ജംഗ്ഷന് സമീപം സർക്കാർ ഉടമസ്ഥതയിലുള്ള അറുപത് സെന്റ് സ്ഥലത്ത് 1986ലാണ് വില്ലേജ് ഓഫീസിനായി കെട്ടിടം സ്ഥാപിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ സാഹചര്യം അനുസരിച്ച് നിർമ്മിച്ച കെട്ടിടം ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തനത്തിന് അപര്യാപ്തമായ അവസ്ഥയിലാണ്.പാവുമ്പയിലെ 4482 കുടുംബങ്ങളാണ് നിലവിൽ ഈ വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്നത്. ഇടുങ്ങിയ രണ്ട് മുറികൾ മാത്രമുള്ള കെട്ടിടത്തിന്റെ അസൗകര്യങ്ങളിൽ ശ്വാസം മുട്ടുകയാണ് ഇവിടുത്തെ ജീവനക്കാർ.
വസ്തുതർക്കത്തിന് വന്നു, രേഖകൾ ഹാജരാക്കിയില്ല
ഓഫീസ് പ്രവർത്തനത്തിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടർന്ന് സർക്കാർ ഫണ്ട് അനുവദിക്കുകയും പി.ഡബ്ല്യൂ.ഡിയെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ കെട്ടിടം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച് ചിലർ അവകാശവാദം ഉന്നയിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പി.ഡബ്ള്യൂ.ഡി പിൻമാറുകയായിരുന്നു.
പാവുമ്പ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ഇതിൽ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അവകാശമില്ലെന്നുമാണ് കരുനാഗപ്പള്ളി തഹസീൽദാർ പറയുന്നത്. തർക്കം ഉന്നയിച്ചവർക്ക് അവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കുവാൻ മതിയായ സമയം നൽകിയെങ്കിലും ആരും തയ്യാറായിട്ടില്ല. തർക്കം തുടർന്നാൽ പൊലീസ് സഹായത്തോടെ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും കരുനാഗപ്പള്ളി തഹസീൽദാർ അറിയിച്ചു.
പ്രതികരണം
വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലം സംബന്ധിച്ച് പാവുമ്പ മണികണ്ഠ സ്വാമീക്ഷേത്ര ഭരണ സമിതി അവകാശവാദം ഉന്നയിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തർക്ക വിഷയമായി ക്ഷേത്രത്തിന്റെ പേര് ഉപയോഗിച്ചത് ദൗർഭാഗ്യകരമാണ്. വില്ലേജ് ഓഫീസിന്റെ വികസനം അടിയന്തര ആവശ്യമാണ്.
സുഗരാജൻ
പ്രസിഡന്റ്
മണികണ്ഠ സ്വാമി ക്ഷേത്രം ,പാവുമ്പ
വില്ലേജ് ഓഫീസിന്റെ വികസനം നാടിന്റെ പൊതു ആവശ്യമാണ്. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥാപിച്ച കാലത്തും സ്ഥലം സംബന്ധിച്ച് തർക്കം ഉയർന്നതാണ്. ഓഫീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അനുയോജ്യമായ തരത്തിൽ അടിസ്ഥാന വികസനം സാദ്ധ്യമാക്കണം.
അഡ്വ. ബി.അനിൽകുമാർ
പ്രസിഡന്റ്, ചങ്ങമ്പുഴ സാംസ്കാരിക വേദി, പാവുമ്പ