lab
സ്വകാര്യ ലാബിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് പരിശോധനാ ഫലം കൃത്യമായി നൽകാതെ ജോലിക്കായുള്ള പലരുടെയും ഗൾഫ് യാത്ര മുടക്കുകയും കൊള്ള ഫീസ് ഈടാക്കുകയും ചെയ്യുന്ന നഗരത്തിലെ സ്വകാര്യ ലാബിന്റെ നിരുത്തരവാദപരമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ ബുക്ക് ചെയ്ത് വരുന്നവരോട് പോലും ലാബിലെ ജീവനക്കാർ ധിക്കാരപരമായും അപമര്യാദയായും പെരുമാറുന്നതായും ധാരണം പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്നലെ ലാബിലേക്ക് മാർച്ച് നടത്തി. കൊവിഡ് പരിശോധനയ്ക്ക് കൊള്ള ഫീസ് വാങ്ങുന്നുവെന്നും കൃത്യതയില്ലാത്ത ഫലങ്ങൾ നൽകുന്നുവെന്നും ആരോപിച്ച് ആരോഗ്യവകുപ്പിന് വിവിധ സംഘടനകൾ വരും ദിവസങ്ങളിൽ പരാതി നൽകും.

 യൂത്ത് കോൺഗ്രസ് പ്രതിഷേധം

സംസ്ഥാനത്ത് സ്വകാര്യ മേഖലയ്ക്ക് കൊവിഡ് ടെസ്റ്റിന് അനുമതി നൽകിയതോടെ സ്വകാര്യ ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാബിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. സർക്കാർ നിശ്ചയിച്ച ഫീസിന്റെ ഇരട്ടി വാങ്ങിയും കൃത്യതയില്ലാത്ത പരിശോധനാ ഫലം നൽകിയും ജനങ്ങളെ വലയ്ക്കുന്ന ലാബിനെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങൾ നേരിടേണ്ടി വരുമെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ശരത്ത് മോഹൻ അദ്ധ്യക്ഷനായി. കൗശിക് എം.ദാസ്, ഒ.ബി.രാജേഷ്, നവാസ് റഷാദി, ശരത്ത് കടപ്പാക്കട, ബിച്ചു ബിജി, ഹർഷാദ് മുതിരപറമ്പ്, അയത്തിൽ ശ്രീകുമാർ, അജു ചിന്നക്കട, സച്ചു പ്രതാപ്, മുബാറക് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

 യുവമോർച്ച മാർച്ച്

കൃത്യസയത്ത് പരിശോധന ഫലം നൽകാതെ പലരുടെയും വിദേശ ജോലി നഷ്ടപ്പെടുത്തിയ സ്വകാര്യ ലാബിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കണമെന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി അനീഷ് ജലാൽ പറഞ്ഞു. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം സർക്കാർ മേഖലയിൽ എത്രയും വേഗം സജ്ജമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി കൊല്ലം മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി അംഗം മനു വിപിനൻ, ബി.ജെ.പി മുണ്ടയ്ക്കൽ ഏരിയാ പ്രസിഡന്റ് അഭിഷേക് മുണ്ടയ്ക്കൽ, ഐ.ടി സെൽ കൺവീനർ അർജ്ജുൻ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

 കൊവിഡിന്റെ മറവിലെ കൊള്ള

വിദേശരാജ്യങ്ങളിൽ പോകാനുള്ള കൊവിഡ് പരിശോധനയ്ക്ക് വൻതുക വാങ്ങിയും കൃത്യസമയത്ത് ഫലം നൽകാതെയും ജനങ്ങളെ ചതിക്കുന്ന ചില സ്വകാര്യ ലാബുകളുടെ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ആവശ്യപ്പെട്ടു. കൊള്ള നടത്തുന്ന ലാബുകൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രണവ് താമരക്കുളം അറിയിച്ചു.

''

പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പലരുടെയും തൊഴിലും ജീവിതവും നഷ്ടപ്പെടുകയാണ്. സർവസജ്ജമാണെന്നാണ് സർക്കാർ പറയുന്നത്. പക്ഷെ യാഥാർത്ഥത്തിൽ വേണ്ട സൗകര്യങ്ങളില്ലെന്ന് ഓരോ ദിവസവും ബോദ്ധ്യപ്പെടുകയാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള ലാബ് സംവിധാനം സർക്കാർ ആശുപത്രികളിലും സജ്ജമാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കണണം.

ബിന്ദുകൃഷ്ണ, ഡി.സി.സി പ്രസിഡന്റ്