road

സർവേ പൂർത്തിയായി,​ പ്രോജക്ട് റിപ്പോർട്ട് ഉടൻ

കൊല്ലം: ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കൊല്ലം- തേനി (ദേശീയപാത -183), ഭരണിക്കാവ്-വണ്ടിപ്പെരിയാർ (ദേശീയപാത -183-എ) റോഡുകളുടെ വീതികൂട്ടും. നാലുവരിപ്പാതയാക്കുകയെന്ന ലക്ഷ്യം മുന്നിലുണ്ടെങ്കിലും തത്കാലം രണ്ടുവരിപ്പാതയുടെ വീതിയായ 18-22 മീറ്റർ വരെ ഗതാഗതയോഗ്യമായ ദേശീയപാതയാക്കി മാറ്റാനാണ് പദ്ധതി.

മുംബയ് ആസ്ഥാനമായ ശ്രീകാന്ത് ആൻഡ് കമ്പനി കൺസൾട്ടൻസിക്കാണ് കൊല്ലം - തേനി പാത സർവേയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ചുമതല. പൂനൈ സി.വി കാന്ത് ആൻഡ് കമ്പനിയുമായി സഹകരിച്ച് ശ്രീകാന്ത് ആൻഡ് കമ്പനി സർവേ പൂർത്തിയാക്കിയെങ്കിലും പ്രോജക്ട് തയ്യാറായി വരുന്നതേയുള്ളൂ.

കൊവിഡ് കാരണം കൺസൾട്ടൻസി കമ്പനി ജീവനക്കാർക്ക് ഇവിടേക്ക് വരാനും കൊല്ലം ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി റോഡ് അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്താനും സാധിച്ചിട്ടില്ല. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് വണ്ടിപ്പെരിയാർ- ഭരണിക്കാവ് ദേശീയപാതയുടെ സർവേയ്ക്കും പ്രോജക്ട് റിപ്പോർട്ടിനുള്ള കൺസൾട്ടന്റായി എത്തിയിരിക്കുന്നത്. സർവേ നടപടികൾ പൂർത്തിയാക്കിയ അവരും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളിലാണ്.

നാഷണൽ ഹൈവേ വിഭാഗം ജീവനക്കാരുടെ കൂടി സഹായത്തോടെ സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നതോടെ ദേശീയപാത വികസനത്തിന്റെ ആദ്യപടിയാകും. സംസ്ഥാന സർക്കാരാണ് റോഡിന്റെ വീതി നിശ്ചയിച്ച് തീരുമാനമെടുക്കുന്നത്. തുടർന്ന് അന്തിമ റിപ്പോർട്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് നൽകും. പാത രണ്ടുവരിയോ നാലുവരിയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

പ്രഖ്യാപനം: 2014ൽ

നീളം: 62 കിലോ മീറ്റർ

(കൊല്ലം ഡിവിഷൻ)

രണ്ടുവരിപ്പാത: 18-22 മീറ്റർ

നാലുവരി പാത: 45 മീറ്റർ

 ടാറിംഗ്

രണ്ടുവരിയിൽ: 10 മീറ്റർ

നാലുവരിയിൽ: 20 മീറ്റർ

 തുടക്കം കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാണ് കൊല്ലം- തേനി ദേശീയപാത 183 ന്റെ തുടക്കം. അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചെങ്ങന്നൂർ എം.സി റോഡ്, പൊൻകുന്നം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനിയിൽ പ്രവേശിക്കുന്ന പാത നാടിന് വലിയ വികസന സാദ്ധ്യതയാണ് തുറക്കുന്നത്.

കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തമിഴ്നാട്ടിലെ തേനി ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതിൽ ദേശീയപാത കൊല്ലം ഡിവിഷന്റെ പരിധിയിൽ വരുന്നത് ചെങ്ങന്നൂർ വരെ 62 കിലോ മീറ്ററാണ്. തുടർന്ന് തമിഴ്നാട് അതിർത്തിവരെ കോട്ടയം ഡിവിഷന്റെ കീഴിലും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതാണ് ശ്രമകരമായ ജോലി. റവന്യൂ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഭൂമി ഏറ്റെടുക്കൽ വേഗം പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത വിഭാഗം. നിലവിൽ ദേശീയപാതയും എം.സി റോഡും കടന്നുപോകാത്ത കുന്നത്തൂർ താലൂക്കിനും അഞ്ചാലുംമൂട്, ചിറ്റുമല, താമരക്കുളം പ്രദേശങ്ങൾക്കും കൊല്ലം- തേനി റോഡ് ഏറെ വികസന നേട്ടങ്ങൾക്ക് വഴിതെളിക്കും.

''

കൺസൾട്ടൻസികൾ സർവേ നടപടികൾ പൂർത്തിയാക്കി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കൊവിഡ് കാരണം അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ച‌ർച്ച ചെയ്യാൻ മുംബയിൽ നിന്നും ഡൽഹിയിൽ നിന്നും അവ‌ർക്കെത്താൻ കഴിഞ്ഞിട്ടില്ല. എത്രയും വേഗം പദ്ധതി സർക്കാരിന് സമർപ്പിക്കും.

ജയ,​ എക്സി. എൻജിനിയർ,​

ദേശീയപാത വിഭാഗം കൊല്ലം