award

കൊല്ലം: അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ ഒന്നാമനായിട്ടും നിയമനം ലഭിക്കാത്തതിൽ മനം നൊന്ത് ചൈനയിൽ കുടിയേറാൻ തീരുമാനിച്ച ശ്രീഹരിരാമനും റാങ്ക് ലിസ്റ്റിലെ മറ്റുള്ളവർക്കും വൈകാതെ നിയമനം നൽകുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും കാർഷിക സർവകലാശാല വ്യക്തമാക്കി. നിപ്പ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കിണറ്റിലിറങ്ങി വവ്വാലിനെ പിടിച്ച് സർക്കാരിനെ സഹായിച്ച ശ്രീഹരിയുടെ മനോവിഷമം കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസും സർവകലാശാലാ അധികൃതരെ ബന്ധപ്പെട്ട് നിയമന നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.

സർവകലാശാല അദ്ധ്യാപക നിയമനത്തിൽ ഒറ്റ സംവരണ റൊട്ടേഷൻ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ഇടയ്ക്ക് എത്തിയതാണ് നിയമനം വൈകാൻ കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം. കേന്ദ്ര ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിയുള്ള നിയമനങ്ങൾ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. ഇത് ലഭിച്ചപ്പോഴേക്കും നിലവിലുള്ള എക്സിക്യുട്ടീവ് കൗൺസിലിന്റെ കാലാവധി കഴി‌ഞ്ഞു. പുതിയ കൗൺസിൽ തിരഞ്ഞെടുപ്പ് കൊവിഡിൽ കുടുങ്ങി. അടുത്തിടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്. അദ്ധ്യാപക നിയമനം സംബന്ധിച്ച നിയമോപദേശം ഈ മാസം തന്നെ അക്കാഡമിക്, ജനറൽ കൗൺസിൽ യോഗങ്ങളിൽ അവതരിപ്പിച്ച് അന്തിമ തീരുമാനമെടുക്കും.

 അഞ്ച് വിഷയങ്ങളിൽ നിയമനം നടന്നില്ല

2019ലാണ് വിവിധ വിഷയങ്ങളിലെ അദ്ധ്യാപക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ചില വിഷയങ്ങളുടെ റാങ്ക് പട്ടികയിൽ നിന്ന് 30 പേരെ വരെ നിയമിച്ചു. എന്നാൽ ശ്രീഹരി രാമൻ ഉൾപ്പെട്ട വൈൽഡ് ലൈഫ് അദ്ധ്യാപകൻ അടക്കം അഞ്ച് വിഷയങ്ങളുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരാളെപ്പോലും നിയമിച്ചില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായതോടെ ശ്രീഹരി കടുത്ത നിരാശയിലായിരുന്നു. ചൈനയിലെ ഗവേഷണം പൂർത്തിയാക്കി അവിടെ തന്നെ ജോലി തരപ്പെടുത്താൻ ഉറപ്പിച്ച് നാട് വിടാനിരിക്കുകയായിരുന്നു ശ്രീഹരി. വവ്വാൽ ഗവേഷകനായ ശ്രീഹരിക്ക് മികച്ച യുവ ഗവേഷകനുള്ള വനം വകുപ്പിന്റെ അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു.

ഏറ്റവും കൂടുതൽ ഒഴിവുള്ള വിഷയങ്ങളിലെ അദ്ധ്യാപക നിയമനമാണ് ആദ്യം നടത്തിയത്. ഇതിനിടെയാണ് സംവരണ റൊട്ടേഷൻ സംബന്ധിച്ച കേന്ദ്ര നിർദ്ദേശം ലഭിച്ചത്. ഈമാസം തന്നെ പുതിയ നിയമനങ്ങളിൽ തീരുമാനമെടുക്കും.

എ. സക്കീർ ഹുസൈൻ,

രജിസ്ട്രാർ, കാർഷിക സർവകലാശാല