
കൊല്ലം : കൊവിഡ് കാലത്ത് സ്കൂളുകളിൽ പോകാനാവാതെ വീടുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് ഒാൺലൈൻ കലോത്സവത്തിലൂടെ മാനസിക ഉല്ലാസം നൽകിയ തഴുത്തല നാഷണൽ പബ്ലിക് സ്കൂളിനെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അഭിനന്ദിച്ചു. സ്കൂൾ കലോത്സവ സമാപന സമ്മേളനോദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു. മന്ത്രി. ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ഇത്തരം സംരംഭങ്ങളിൽ പങ്കെടുക്കുന്നത് പ്രശംസനീയാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വേണാട് സഹോദയയുടെ പ്രസിഡന്റും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. 95 % സി.ബി.എസ്.ഇ സ്കൂളുകളിലും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും ഓൺലൈൻ കലോത്സവം ഇതാദ്യമായിട്ടാണെന്നും മറ്റു സ്കൂളുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാറ്റഗറി ഒന്ന് രണ്ട് മൂന്ന് നാല് വിഭാഗത്തിൽ ഗ്രൂപ്പിനങ്ങൾ ഒഴിവാക്കി 52 ഇനങ്ങളിലായി 400 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സീനത്തു നിസ സ്വാഗതവും പ്രോഗ്രാം കോ ഒാർഡിനേറ്റർ ഷീജ നന്ദിയും പറഞ്ഞു.