gandhi
എച്ച്.ഐ.വി. ബാധിതനായ വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു

ശാസ്താംകോട്ട: ഉറ്റവർ കൈയൊഴിഞ്ഞ എച്ച്.ഐ.വി ബാധിതനെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. കായംകുളം കറ്റാനം സ്വദേശിയായ അറുപത്തിനാലുകാരനെയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെയും ആശുപത്രി അധികൃതരുടെയും ഇടപെടലിലൂടെ ഗാന്ധിഭവൻ അധികൃതരെത്തി ഏറ്റെടുത്തത്.
വിവാഹിതനായിരുന്ന ഇദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ച് ചെറുപ്പകാലത്തുതന്നെ നാട് വിട്ട് പോയതാണ്. കുറേക്കാലം സൗദി അറേബ്യയിൽ ജോലിചെയ്തു. പ്രമേഹരോഗബാധിതനായി ജോലി ചെയ്യാനാകാതെ വന്നപ്പോൾ ചില സന്നദ്ധസംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തി . തുടർന്ന് പലയിടങ്ങളിലായി അലഞ്ഞു ജീവിച്ചു. പലവിധ രോഗങ്ങൾക്കൊപ്പം പ്രമേഹവും മൂർച്ഛിച്ചപ്പോൾ ഇയാളുടെ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. പരിശോധനയിൽ എച്ച്.ഐ.വി. ബാധിതനാണെന്നും കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പരിചരണത്തിൽ കഴിഞ്ഞുവരികയായിരുന്നു. അദ്ദേഹത്തിന്റെ തുടർസംരക്ഷണത്തിനായി ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന കെ. മുഹമ്മദ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യെ സമീപിക്കുകയും എം.എൽ.എ. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആശുപത്രിയിലെത്തി. എം.എൽ.എ, ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, മെമ്പർ എസ്. ദിലീപ്കുമാർ സാമൂഹ്യപ്രവർത്തകരായ രാജീവ് രാജധാനി, ഷാജഹാൻ രാജധാനി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഇയാളെ ഗാന്ധിഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. ആയിരത്തിലേറെ നിരാലംബർ അധിവസിക്കുന്ന ഗാന്ധിഭവനിൽ എച്ച്.ഐ.വി ബാധിതരായ ഏഴ് പേരുണ്ട്.