
കൊല്ലം: കുതിരകളെപ്പൂട്ടിയ രഥത്തിന്റെ ഒച്ചകേട്ടാൽ ഓച്ചിറക്കാർക്കറിയാം വരുന്നത് രാജാവല്ല, തങ്ങളുടെ നാട്ടുകാരൻ ഷിഹാബാണ്. ഷിഹാബിനെയും തലയെടുപ്പുള്ള അഞ്ച് കുതിരകളെയും അത്രമേൽ പരിചിതമാണ് നാട്ടുകാർക്ക്.
കൊല്ലം ഓച്ചിറ ഞെക്കനാൽ ആനയടി വടക്കതിൽ വീട്ടിൽ മുപ്പത്തിനാലുകാരാനായ ഷിഹാബിന്റെ കൂട്ടുകാർ റോക്കി, അലി, ഷാഡോ, റാണി, അർജ്ജുൻ എന്നീ കുതിരകളാണ്. ഏഴ് വയസുള്ളപ്പോഴാണ് കുതിരക്കമ്പം തുടങ്ങിയത്. പണ്ട് ഓച്ചിറ ഉത്സവത്തിനെത്തിയ സർക്കസുകാർ തറവാടക കൊടുക്കാനില്ലാതെ ഉപേക്ഷിച്ച കുതിരയെ ഷിഹാബിന്റെ ബന്ധു ലേലത്തിലെടുത്തു. അതിനെ പരിചരിക്കാൻ തുടങ്ങിയതോടെയാണ് ഷിഹാബിന്റെ കുതിരപ്രിയം കലശലായത്.
പത്താം ക്ലാസ് കഴിഞ്ഞ് ഗൾഫിലേക്ക് പോയപ്പോൾ അവിടെയും കുതിരകൾ തൊട്ടടുത്തുണ്ടായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയ ഷിഹാബ് ആദ്യം ചെയ്തത് ഒരു കുതിരയെ വാങ്ങുകയായിരുന്നു. അടുത്ത പത്ത് വർഷത്തിൽ ഷിഹാബ് സ്വന്തമാക്കിയതാണ് ഇപ്പോഴുള്ള അഞ്ച് കുതിരകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മോഹവില കൊടുത്താണ് കുതിരകളെ വാങ്ങുക. നല്ല കുതിരയ്ക്ക് ഒരു ലക്ഷത്തോളം രൂപ വിലയുണ്ട്. അടുത്തിടെ രണ്ട് കുട്ടിക്കുതിരകൾ കൂടി ജനിച്ചു.
ഘോഷയാത്രകൾക്കും കല്യാണാവശ്യങ്ങൾക്കും കുതിരകളെ കൊണ്ടുപോകാറുള്ള ഷിഹാബ് അതിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് അവയെ പോറ്റുന്നത്. വെൽഡിംഗ് ജോലി ചെയ്തുകിട്ടുന്ന തുകയിൽ നിന്നൊരു പങ്കും ചെലവാക്കാറുണ്ട്. അഞ്ച് കുതിരകളുണ്ടെങ്കിലും നഷ്ടമൊന്നുമില്ല. തീറ്റപ്പുല്ല് വീട്ടുവളപ്പിലുണ്ട്. പെല്ലെറ്റ് മാത്രം വിലകൊടുത്ത് വാങ്ങും. ഹസീനയാണ് ഷിഹാബിന്റെ ഭാര്യ. കമർജഹാനും ബാത്തുൽ ഫാത്തിമയുമാണ് മക്കൾ. കുതിരകളെ പരിചരിക്കാൻ ഇവരും ഷിഹാബിനൊപ്പം എപ്പോഴുമുണ്ട്.
 വൻ ഡിമാൻഡാണ് ഇവർക്ക്
കല്യാണത്തിന് വധൂവരന്മാരെ കൊണ്ടുപോകാനാണ് ഷിഹാബ് കൂടുതലും കുതിരകളെപ്പൂട്ടിയ രഥം ഒരുക്കുക. കഴിഞ്ഞ ഓണത്തിന് കായംകുളം പൊലീസിന്റെ കൊവിഡ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി രഥം നൽകിയിരുന്നു. കടകളുടെ പരസ്യത്തിനും ഉദ്ഘാടനത്തിനുമായി കുതിരകളെ തേടിവരുന്നവരും ഏറെയാണ്. കൊവിഡിന് മുൻപ് അഴീക്കൽ ബീച്ചിലെത്തുന്നവർക്ക് ചെറിയ നിരക്കിൽ കുതിരസവാരിക്കും അവസരമൊരുക്കാറുണ്ടായിരുന്നു.
''
കുതിരയെ വളർത്താനും പരിശീലിപ്പിക്കാനും നല്ല ക്ഷമ വേണം. കരുനാഗപ്പള്ളിയിൽ ഹോഴ്സ് റൈഡിംഗ് സ്‌കൂൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പോയാലുടൻ സഫലമാകും.
ഷിഹാബ്