
കൊല്ലം: കർഷകരും കശുഅണ്ടി തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന നാടാണ് കൊല്ലം. അവരെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോൾ, കശുഅണ്ടി മേഖലയെ ആരൊക്കെയോ ചേർന്ന് കുളം തോണ്ടുന്നുവത്രേ. തിരശീലയ്ക്ക് പിന്നിലെ അത്ര വലിയവർ ആരാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ കൊല്ലത്തെ നേതാക്കളും സംശയനിഴലിലായെന്ന് പറയാതെ വയ്യ.
കശുഅണ്ടി അഴിമതിക്കേസിൽ സി.ബി.ഐയ്ക്ക് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ വകുപ്പുമന്ത്രി അനുമതി കൊടുത്തെന്നും അത് മുഖ്യമന്ത്രി വെട്ടിയെന്നുമൊക്കെയാണ് വാർത്തകൾ പരക്കുന്നത്. തുടർച്ചയായി ചാനലുകളിലും പത്രങ്ങളിലുമൊക്കെ വാർത്ത വന്നതോടെ സംഭവം ചർച്ചയായി. മന്ത്രി മേഴ്‌സികുട്ടിഅമ്മ അടക്കമുള്ള കുറേ സി.പി.എം നേതാക്കൾ നിരന്തര സമരം ചെയ്താണ് കശുഅണ്ടി അഴിമതി സി.ബി.ഐ അന്വേഷണത്തിൽ വരെ എത്തിച്ചത്. ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുന്നുണ്ടല്ലോയെന്നാണ് കൊല്ലത്തുകാരുടെ ചോദ്യം.
കൊല്ലത്തെ കശുഅണ്ടി തൊഴിലാളികൾക്ക് മാന്യമായ കൂലി നേടിക്കൊടുത്ത പാർട്ടിയാണ് സി.പി.എം. എത്രയെത്ര തൊഴിലാളി സഖാക്കൾ നിരാഹാരം കിടന്നും അടിയും ഇടിയും കൊണ്ടും കശുഅണ്ടി തൊഴിലാളികൾക്കായി പ്രവർത്തിച്ചതാണ്. കെ. കരുണാകരൻ നാടുഭരിച്ച കാലത്ത് തിരുവോണത്തിന് കശുഅണ്ടി ഫാക്ടറി പടിക്കൽ കഞ്ഞിവച്ച് കിടന്ന തൊഴിലാളികളെ സംരക്ഷിച്ചതും സി.പി.എം സഖാക്കൾ തന്നെ. അവർക്കുപോലും ഒന്നും മിണ്ടാനാവുന്നില്ല. ജില്ലയിലെ നേതാക്കളെല്ലാം മൗനത്തിലാണ്. മുഖ്യമന്ത്രിയല്ലേ അവർക്ക് വല്ലോം പറയാനാവുമോ.
പക്ഷേ, കശുഅണ്ടിയുടെ സ്വന്തം മന്ത്രിയെന്ന നിലയിൽ മേഴ്‌സികുട്ടിഅമ്മയ്ക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ... പ്രോസിക്യൂഷന് അനുമതി കൊടുത്തെങ്കിൽ ഉശിരോടെ മന്ത്രിക്ക് പറയാമല്ലോ. മന്ത്രിയുടെ വാക്ക് കേൾക്കാൻ കൊല്ലമാകെ കാത്തിരിക്കുകയാണ്. തദ്ദേശ ഇലക്ഷനിൽ വോട്ട് ചോദിക്കാൻ പോകുമ്പോൾ കശുഅണ്ടി തൊഴിലാളികളോട് എന്ത് ഉത്തരം പറയും. കോൺഗ്രസും സി.പി എമ്മും പരസ്പര സഹകരണത്തോടെ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം. കശുഅണ്ടി തൊഴിലാളികൾക്കുവേണ്ടി രാപ്പകൽ അദ്ധ്വാനിച്ച സി.പി.എമ്മിന് ആ പാവങ്ങളോട് ചില ഉത്തരവാദിത്തങ്ങളില്ലേ, ആ ഒട്ടിയ വയറുകളോട് ഒരു സഹാനുഭൂതിയില്ലേ...