
കൊല്ലം: നഗരസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാനുള്ള നേതാക്കളുടെ മത്സരം മുറുകി. വെറും കൗൺസിലർ സ്ഥാനമല്ല, മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കസേരകൾ ലക്ഷ്യം വച്ചുള്ള ചരടുവലികളും അണിയറയിൽ കൊഴുക്കുകയാണ്. പലരും സംവരണ വാർഡുകളുടെ നറുക്കെടുപ്പിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സംവരണ സീറ്റുകളുടെ ചിത്രം തെളിഞ്ഞതോടെ പലരുടെയും സ്വപ്നങ്ങൾ കരിഞ്ഞു. ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ചിലർക്ക് നറുക്ക് വീഴുകയും ചെയ്തു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനമോഹികൾ ഒന്നിലധികം സീറ്റുകളിൽ കണ്ണുവച്ചിട്ടുണ്ട്. അവസാന റൗണ്ടിൽ കൂടുതൽ വിജയസാദ്ധ്യതയുള്ള ഡിവിഷൻ കൈപ്പിടിയിലാക്കി മത്സരിക്കാനാണ് ഇക്കൂട്ടരുടെയും നീക്കം. പുതിയ സംവരണ സീറ്റുകൾ തങ്ങൾക്ക് അനുകൂലമാണെന്നും കൂടുതൽ പേരെ വിജയിപ്പിക്കാനുള്ള സാദ്ധ്യത തെളിഞ്ഞെന്നുമാണ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഒരുപോലെ പറയുന്നത്.
 സ്ഥാനാർത്ഥി നിർണയം കടുകട്ടി
മുന്നണിക്കുള്ളിൽ സീറ്റ് ചർച്ച ആരംഭിക്കാത്തതാണ് പലർക്കും പരസ്യമായി രംഗത്തിറങ്ങാൻ തടസമായി നിൽക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഡിവിഷനുകൾ വച്ച് മാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ എൽ.ഡി.എഫിലും യു.ഡി.എഫിലും നടക്കുന്നുണ്ട്. ഇതിനിടയിൽ പല ഡിവിഷനുകളിലും തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാൻ ഉറ്റ അനുയായികൾക്ക് നേതാക്കൾ രഹസ്യ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇങ്ങനെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പലരും വോട്ട് പിടിത്തവും തുടങ്ങി. തർക്കങ്ങൾക്കിടയിലെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയായി രണ്ട് മൂന്നു പേർ
ചില ഡിവിഷനുകളിൽ ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയായി രണ്ട് മൂന്നു പേർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് വിഭജനത്തിലേക്ക് കടക്കുമ്പോൾ മുന്നണിക്കുള്ളിലും സ്ഥാനാർത്ഥി നിർണയം ആരംഭിക്കുമ്പോൾ പാർട്ടികൾക്കുള്ളിലും പൊട്ടിത്തെറികൾക്കുള്ള സാദ്ധ്യതയും തെളിയുന്നുണ്ട്. ഇത്തവണ എന്തായാലും സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ പലരും പരോക്ഷമായി വോട്ട് പിടിത്തം ആരംഭിച്ചതോടെ സ്ഥാനാർത്ഥി നിർണയം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളിയാകും.