ottayan
കൊട്ടിയം - മയ്യനാട് റോഡിലെ ചപ്പാത്ത് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ളോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ റോ‌ഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കൊട്ടിയം: കോടികൾ മുടക്കി പുനർനിർമ്മിച്ച ചപ്പാത്തിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ളോക്ക് പ്രസിഡന്റ് റാഫേൽ കുര്യന്റെ ഒറ്റയാൻ സമരം. കൊട്ടിയം - മയ്യനാട് റോഡിന്റെ മയ്യനാട് ചന്തമുക്കിന് സമീപത്തെ ചപ്പാത്ത് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഡിന് മദ്ധ്യത്തിൽ പ്ളക്കാർഡുമായി ഇരുന്ന് റാഫേൽ പ്രതിഷേധിച്ചത്.

അടുത്തിടെയാണ് ഈ റോ‌ഡിന്റെ ടാറിംഗ് നടന്നത്. എന്നാൽ മഴ തുടങ്ങിയതോടെ ഈ ഭാഗത്തുള്ള ചപ്പാത്ത് തകർന്ന് മെറ്റലുകൾ ഇളകി ഇതുവഴിയുള്ള യാത്ര ദുരിതമായി. ജലസംഭരണിക്ക് സമാനമായി വെള്ളം കെട്ടിനിൽക്കുന്ന ചപ്പാത്തിലെ കുഴിയിൽ വീണ് ഇതിനോടകം നിരവധി ഇരുചക്രവാഹന യാത്രികർക്ക് അപകടമുണ്ടായി. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിലും ഒറ്റയാൻ സമരം ആരംഭിക്കുമെന്ന് റാഫേൽ കുര്യൻ പറഞ്ഞു.