 
പൂയപ്പള്ളി : പൂയപ്പള്ളി താഴേമൂഴി ഭാഗത്ത് സോണി ഹൗസിൽ ജെയിംസിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് കടന്നുകയറി ഒരു പവന്റെ മാലയും വില്പനക്കായി സൂക്ഷിച്ചിരുന്ന തുണികളും എ.ടി.എം കാർഡുപയോഗിച്ച് 20000/- രൂപയും മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ മിയന സ്വദേശി പുല്ലേരിയിൽ വീട്ടിൽ സബീലയുടെ ഭർത്താവും വർക്കല ചിലക്കൂർ സ്വദേശിയായ മുഹന്നദ് ഹനീഫയുടെ മകനുമായ കള്ള റാഫി എന്ന് വിളിക്കുന്ന മുഹമ്മദ് റാഫിയെ (48) പൂയപ്പള്ളി സി.ഐവിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രാജൻബാബു, പൊലീസുകാരായ, ഹരി, ലിജു വർഗീസ്, ബിനു, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്ന് പിടികൂടി. മോഷണം നടന്നതിന്റെ പിറ്റേന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിൻ പ്രകാരം പ്രതിയെ പിടികൂടാനായി എത്തിയ പൊലീസ് സംഘത്തിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപെട്ടതായിരുന്നു പ്രതി. രക്ഷപെട്ട പ്രതി കാസർകോഡ്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പൊലീസ് പിൻതുടരുന്നത് മനസിലാക്കിയ പ്രതി ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു, അടുത്ത ഒളിത്താവളത്തിലേക്കുള്ള യാത്രക്കിടയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഓരോ ഒളി സ്ഥലങ്ങളിലും വ്യത്യസ്ഥങ്ങളായ പേരുകളിലായിരുന്നു താമസിച്ച് വന്നിരുന്നത്.