dog
വെൺപാലക്കരയ്ക്ക് സമീപം റോഡിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായകൾ

തെരുവ് നായ്ക്കളുടെ ശല്യം വ്യാപകം

കൊല്ലം: നിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ വെൺപാലക്കര ശാരദവിലാസിനി വായനശാലയുടെ സംഘാടകരായ യുവാക്കൾ രംഗത്ത്. വലിച്ചെറിയുന്ന ഇറച്ചിമാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് യുവാക്കളുടെ തീരുമാനം. റോഡ് വക്കിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹനക്കാരെ അപകടത്തിൽപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണ്. മയ്യനാട് പഞ്ചായത്ത് അതിർത്തി റോഡിലാണ് കൂടുതൽ ശല്യം. കൊവിഡായതിനാൽ നായ് പിടുത്തക്കാരെ കിട്ടുന്നില്ലെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. കടിപിടി കൂടിയും വണ്ടിയിടിച്ചും ചത്തുവീഴുന്ന നായ്ക്കളെ മറവ് ചെയ്യാനും ആരും എത്താറില്ല.

വെൺപാലക്കരയ്ക്ക് സമീപം മാളികക്കടമുക്ക്,​ തോട്ടത്ത് മുക്ക്, ആറാട്ട് കുളം, അരിവാൾമുക്ക്, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിൽ കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. ഇവിടം കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കകൾ പെറ്റ് പെരുകുന്നത്. മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാൻ രാത്രികാലങ്ങളിലടക്കം രഹസ്യമായി നിരീക്ഷണം തുടങ്ങിയിരിക്കുകയാണ് ശാരദാ വിലാസിനിയിലെ യുവജന വേദി പ്രവർത്തകർ.