 
3 .70കോടി രൂപ ചെലവ്
തഴവ: സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തഴവയിൽ സ്ഥാപിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിർമ്മാണം എങ്ങുമെത്താതെ അനശ്ചിതത്വത്തിൽ. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 3 .70കോടി രൂപ ചെലവിൽ 2019 അഗസ്റ്റിലാണ് തഴവയിൽ ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തിയത്. 2020 മേയിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പദ്ധതി പ്രവർത്തനം ഇപ്പോഴും പാതിവഴിയിൽ ഇഴഞ്ഞു നീങ്ങുകയാണ്.
സംസ്ഥാനത്ത് ആകെ അനുവദിച്ച പതിനാല് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഒന്നാണ് തഴവയിൽ സ്ഥാപിക്കുന്നത്. ഒഡീഷയിൽ നിർമ്മിച്ച ചുഴലിക്കാറ്റ് ഷെൽട്ടറുകളുടെ മാതൃകയിലാണ് തഴവയിലും നിർമ്മാണം ആരംഭിച്ചത്.
1000 പേർക്ക് താമസിക്കാം
മൂന്ന് നിലകളിലായി ആയിരം പേർക്ക് താമസിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. സ്ത്രീകൾ, പുരുഷൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക താമസ സൗകര്യങ്ങളും കൂടാതെ പൊതു അടുക്കള, ശൗചാലയങ്ങൾ, ജനറേറ്റർ സൗകര്യങ്ങൾ, കളിസ്ഥലം എന്നിവയും ദുരിതാശ്വാസ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ദുരന്തമേഖലകളിൽ നിന്നുമെത്തിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യവും പ്രകൃതിക്ഷോഭ മുന്നറിയിപ്പ് നൽകുന്നതിനുള്ള ആധുനിക സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
കേന്ദ്രത്തിന്റെ നിർമ്മാണം
കൊവിഡ് മുടക്കി
തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ കീഴിൽ രൂപികരിക്കുന്ന ഷെൽട്ടർ മാനേജ്മെന്റ് കമ്മിറ്റിയെ ഉപയോഗിച്ച് ജില്ലാ കളക്ടറാണ് ദുരിതാശ്വാസ കേന്ദ്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ദുരന്തങ്ങളില്ലാത്ത സാഹചര്യത്തിൽ കെട്ടിടം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.
ഭിത്തി കെട്ടി ഉയർത്തി കോൺക്രീറ്റ് ചെയ്ത നിലയിലാണ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മേയിൽ നിർമ്മാണം പൂർത്തിയായിരുന്നെങ്കിൽ ജില്ലയിലെ കൊവിഡ് ബാധിതർക്ക് ഇത് ഏറെ ആശ്വാസ് കരമായേനെ. കൊവിഡ് ദുരന്തം ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിർമ്മാണത്തേയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
അനാസ്ഥയല്ല നിലവിലെ അവസ്ഥയാണ് ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിർമ്മാണത്തെ ദോഷകരമായി ബാധിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തന്നെ കെട്ടിടം പണി യുദ്ധകാല അടിസ്ഥാനത്തിൽ പുർത്തിയാക്കും.
അനിൽ എസ് കല്ലേലിഭാഗം
ജില്ലാ പഞ്ചായത്ത് അംഗം
കൊല്ലം.
ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിർമ്മാണം തുടക്കം മുതൽ തന്നെ ഇഴഞ്ഞു നീങ്ങുകയാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിൽ കൊവിഡ് സാഹചര്യത്തിൽ നിരവധി പേർക്ക് പ്രയോജനം ലഭിച്ചേനെ
തഴവ ബിജു.
ഗ്രാമ പഞ്ചായത്ത് അംഗം