
 തിരക്കിനും രോഗവ്യാപനത്തിനും കുറവില്ല
കൊല്ലം: കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ സി.ആർ.പി.സി 144 പ്രകാരം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ല. ആൾക്കൂട്ടം ഒഴിവാക്കുകയെന്ന ലക്ഷ്യം ജില്ലയിലൊരിടത്തും നടപ്പാക്കാൻ പൊലീസിനും ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞില്ല.
ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ജില്ലാ പൊലീസ് മേധാവിമാർക്കൊപ്പം ഗ്രാമ - നഗര ഭേദമില്ലാതെ മിന്നൽ പരിശോധനകൾക്കിറങ്ങി ജനങ്ങൾക്കും വ്യാപാരികൾക്കും നിർദേശങ്ങൾ നൽകിയിരുന്നു. ജില്ലാ തല ഉദ്യോഗസ്ഥ സംഘം നിരത്തിൽ നിന്ന് മാറാതെ തുടർ പരിശോധന നടത്തുമെന്ന മുന്നറിയിപ്പും ജനക്കൂട്ടത്തിന്റെ ഒഴുക്കിന് തടസമായില്ല.
സെക്ടർ മജിസ്ട്രേറ്റുമാരായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിയമിച്ച ഹയർ സെക്കൻഡറി അദ്ധ്യാപകർ പൊതു ഇടങ്ങളിലും ചടങ്ങുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും നിരോധനാജ്ഞയിലൂടെ സർക്കാർ ഉദ്ദേശിച്ച ഫലം നടപ്പാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് ജനങ്ങളുടെ സഹകരണം കുറഞ്ഞാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുമുണ്ട്. ആൾക്കൂട്ടങ്ങൾ മാത്രമല്ല, മാസ്ക് കൃത്യമായി ധരിക്കാത്തവരുടെയും ഇടയ്ക്കിടെ കൈകൾ കഴുകാത്തവരുടെയും എണ്ണം കുത്തനെ ഉയർന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
 നിരോധനാജ്ഞ ലംഘനം നടക്കുന്നില്ലേ ?
ശനിയാഴ്ച ജില്ലയിൽ കൊല്ലം ഈസ്റ്റ് പൊലീസ് മാത്രമാണ് നിരോധനാജ്ഞാ ലംഘനത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്‌തത്. അതിന്റെ അർത്ഥം ജില്ലയിൽ നിരോധനാജ്ഞാ ലംഘനം നടക്കുന്നില്ലെന്നാണോ ? ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ആൾക്കൂട്ടങ്ങളും നിയമ ലംഘനങ്ങളും ആവോളം നടക്കുന്നുണ്ട്. പക്ഷേ നിരോധനാജ്ഞ ലംഘനമെന്ന തരത്തിൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നില്ല. ഫലത്തിൽ പേരിനൊരു നിരോധനാജ്ഞ ജില്ലയിൽ നിലനിൽക്കുന്നുവെന്ന് മാത്രം. പക്ഷേ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ സെക്ടർ മജിസ്ട്രേറ്റുമാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. 83 സെക്ടർ മജിസ്‌ട്രേറ്റുമാരാണ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.
 നിർദേശങ്ങൾ നടപ്പാകാതെ പോകുന്നതെങ്ങനെ ?
1. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതും കേവലം നിയമ ലംഘനമായി മാത്രം കാണാനാണ് പലരും ശ്രമിക്കുന്നത്
2. പൊലീസിനെ കാണുമ്പോൾ ഹെൽമറ്റ് ധരിക്കുന്ന ഇരുചക്ര യാത്രക്കാരെ പോലെ പൊലീസ് വരുമ്പോൾ മാത്രം മാസ്‌ക് വയ്ക്കുന്നവർ ധാരാളം
3. ഹെൽമെറ്റ് പോലെ തന്നെ മാസ്കിന്റെ ഗുണനിലവാരത്തിലും പലരും ശ്രദ്ധ പുലർത്തുന്നില്ല
4. പൊലീസിൽ നിന്ന് പെറ്റി കിട്ടാതിരിക്കാനല്ല, ജീവൻ നിലനിറുത്താനാണ് മാസ്ക് ധരിക്കുന്നതെന്ന ബോദ്ധ്യത്തിലേക്ക് മാറാത്തവർ ധാരാളം
5. നിർദേശങ്ങൾ പാലിക്കാതെ പോകുന്നത് അപകടത്തിലേക്കാണെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ്
6. നിരോധനാജ്ഞയിലൂടെ ഒഴിവായത് ആൾക്കൂട്ട പ്രതിഷേധങ്ങൾ മാത്രം
7. അഞ്ചുപേർ പങ്കെടുക്കുന്ന സമരങ്ങൾ വർദ്ധിച്ചു
8. രോഗികളുടെ എണ്ണം ഇനിയുമുയർന്നാൽ ചികിത്സയും അതിജീവനവും ബുദ്ധിമുട്ടിലാകും
''
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാത്രമാണ് പ്രതിരോധ വഴികൾ.
ആരോഗ്യ വകുപ്പ്