taxi

കൊല്ലം: ജലഗതാഗത വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ നാല് വാട്ടർ ടാക്സികളിലൊന്ന് കൊല്ലത്തിന് ലഭിക്കാൻ സാദ്ധ്യത. നാലിൽ ഒന്ന് കഴിഞ്ഞയാഴ്ച മുതൽ ആലപ്പുഴയിൽ സർവീസ് തുടങ്ങി. ബാക്കിയുള്ള മൂന്നിൽ ഒരെണ്ണം കൊല്ലം കേന്ദ്രീകരിച്ച് സർവീസ് നടത്താനാണ് സാദ്ധ്യത.

ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് വാട്ടർ ടാക്സിയുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ ടാക്സികളുടെ മാതൃകയിൽ സഞ്ചാരികൾ നിൽക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടർ ടാക്സിയുടെ പ്രത്യേകത. ഫൈബർ ഉപയോഗിച്ചാണ് വാട്ടർ ടാക്സിയുടെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്. സ്രാങ്കിനും ലാസ്കർക്കും പുറമേ പത്ത് പേർക്ക് ഇരിക്കാം. മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ (25 കിലോ മീറ്റർ) വേഗതയുണ്ട്. ടാക്സിക്ക് പ്രത്യേകം മൊബൈൽ നമ്പരുണ്ട്. ഈ നമ്പരിൽ ബന്ധപ്പെട്ട് സഞ്ചാരികൾക്ക് ഓട്ടം വിളിക്കാം. ലൈഫ് ജാക്കറ്റ് ബോയ അടക്കമുള്ള എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. വാട്ടർ ടാക്സി വന്നാൽ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വാദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. കൊല്ലം ബോട്ട് ജെട്ടി കേന്ദ്രീകരിച്ചാകും സർവീസ്. ടൂറിസ്റ്റുകൾ അധികമായി ഇല്ലാത്ത സമയങ്ങളിൽ വാട്ടർ ടാക്സി ഉപയോഗിച്ച് ആലപ്പുഴ, എറുണാകുളം ഭാഗത്തേക്ക് പാസഞ്ചർ സർവീസ് നടത്താനും ആലോചനയുണ്ട്.

 അര മണിക്കൂറിന്: 750 രൂപ (കുറഞ്ഞ വാടക)

 പിന്നീടുള്ള അഞ്ച് മിനിറ്റിന്:125 രൂപ

 ഒരു മണിക്കൂറത്തേക്ക്: 1,500 രൂപ

(പത്തുപേർ ചേർന്ന് വാടകയ്ക്ക് എടുക്കാം)

''

വാട്ടർ ടാക്സി സർവീസിന് ഏറെ സാദ്ധ്യതയുള്ള സ്ഥലമാണ് കൊല്ലം. മന്ത്രിയുമായി ആലോചിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആലപ്പുഴയിൽ മികച്ച പ്രതികരണമാണ്.

ഷാജി.വി. നായർ

ജലഗതാഗത വകുപ്പ് ഡയറക്ടർ