 
കുന്നത്തൂർ : കൊല്ലം - തേനി ദേശീയ പാതയിൽ ഭരണിക്കാവ് മുതൽ ചക്കുവള്ളി വരെ പലയിടത്തും രൂപപ്പെട്ട ഗർത്തങ്ങൾ അപകട ഭീഷണിയാകുന്നു. മയ്യത്തുംകര, ചക്കുവള്ളി ടൗൺ എന്നിവിടങ്ങളിലാണ് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികരും മറ്റും അപകടത്തിൽപ്പെടുന്നത് പതിവാണ്. ടൗണിൽ ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ഇതിനൊപ്പം റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസം കുറയ്ക്കാനായി മണ്ണിട്ടതും വിനയായിരിക്കയാണ്.കട്ടിംഗ് ഒഴിവാക്കാനായി മഴക്കാലത്ത് നടത്തിയ പരിഷ്ക്കരണം ജനങ്ങൾക്ക് ഇരുട്ടടിയായി മാറി.വാഹനങ്ങൾ പാതയോരത്തെ ചെളിക്കുണ്ടിൽ പുതയുന്നതും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവ് കാഴ്ചയാണ്.കാൽ നടയാത്രയും ദുഷ്ക്കരമാണ്.പാതയോരത്തെ വ്യാപാരികൾക്ക് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്താത്തതാണ് ഇതിനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.അതിനിടെ ഭരണിക്കാവ് - ചക്കുവള്ളി റോഡിൽ പാറയിൽ മുക്കിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി താറുമാറായിരിക്കയാണ്.ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതെങ്കിലും എങ്ങുമെത്തിയിട്ടില്ല.ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നാണ് അറിയുന്നത്.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് ഗതാഗതം സുഗമമാക്കാൻ ദേശീയ പാത അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് അർത്തിയിൽ അൻസാരി ആവശ്യപ്പെട്ടു.