 
പടിഞ്ഞാറേകല്ലട . പഞ്ചായത്തിലെ പ്രധാന പി.ഡബ്ല്യൂ.ഡി റോഡുകളിലൊന്നായ കടപുഴ കാരാളിമുക്ക് റോഡിൽ കളിയിലിൽ മുക്കിനു സമീപം റോഡിന് കുറുകെയുള്ള കലുങ്ക് പൊളിച്ചിട്ട് മാസങ്ങൾ ആകുന്നു. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന റോഡുകളിൽ ഒന്നാണിത്. ദേശീയ പാതയും സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളിൽ ഒന്നായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പൊയ്ക്കൊണ്ടിരുന്നത്. രാത്രികാലങ്ങളിൽ ദൂരെ സ്ഥലത്തുനിന്നും സ്ഥലപരിചയമില്ലാത്ത യാത്രക്കാർ ഇവിടെ എത്തിയതിനു ശേഷം തിരിഞ്ഞു പോകേണ്ട വഴി അറിയാതെ ഇട റോഡുകളിലൂടെ യാത്ര ചെയ്തു ഏറെ പ്രയാസപ്പെടുകയാണ്. എത്രയും വേഗം കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്നു പരാതി
കാരാളിമുക്ക് മുതൽ കടപുഴ വരെ കിഫ്ബി പദ്ധതി പ്രകാരം നവീകരണം നടന്നുവരുന്ന പി.ഡബ്ല്യൂ.ഡി റോഡിന്റെ കൈയേറ്റ ഭാഗങ്ങൾ സർവേ വിഭാഗം ജീവനക്കാരും പി.ഡബ്ല്യൂ.ഡി വിഭാഗം ജീവനക്കാരും ചേർന്ന് അളന്നു തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ചില സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഇപ്പോഴും ഒഴിപ്പിക്കാതെ നിലനിൽക്കുകയാണ് എന്നാണ് നാട്ടുകാരുടെ പരാതി.