പത്തനാപുരം: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. നടുക്കുന്ന് പുന്നല റോഡിൽ കല്ലാമുട്ടം.മാമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് ടാങ്കറുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം റോഡിലും ജലാശയങ്ങളിലുമായി തള്ളുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണയാണ് കല്ലാമുട്ടം ഭാഗത്ത് തോട്ടിലും റോഡ് വശത്തും മാലിന്യം തള്ളിയത്. സമീപത്തെ വീടുകളിലെ കിണറുകളിൽ തോട്ടിൽ നിന്നുള്ള ഊറ്റാണ് എത്തുന്നത്. തോട് ഒഴുകി ചേരുന്നത് കല്ലടയാറ്റിലേക്കാണ്. തോട്ടിലും കല്ലടയാറ്റിലുമായി വാട്ടർ അതോറിട്ടറിയുടെ നിരവധി കുടിവെള്ള പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ ചേർന്ന് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പല തവണ കാവലിരുന്നെങ്കിലും ടാങ്കറുകളിൽ വെളുപ്പിനെയാണ് മാലിന്യം തള്ളാനെത്താറുള്ളത്. കക്കൂസ് മാലിന്യത്തിനൊപ്പം അറവ് മാലിന്യങ്ങളും ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങളും റോഡ് വശത്തും തോട്ടിലും തള്ളുന്നത് പതിവായിരിക്കയാണ്. നാട്ടുകാർ പൊലീസ്.,​പഞ്ചായത്ത്,​ ആരോഗ്യ വകുപ്പ് അധികൃതർ ജനപ്രതിനിധികൾ എന്നിവർക്ക് പരാതി നല്കിയെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് പരാതി.


പൊലീസ് സമീപ വീടുകളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തണം.

അബ്ദുൾ സമദ് പുന്നല.( പൊതു പ്രവർത്തകൻ.)

മാലിന്യം തള്ളുന്നതിനെതിരെ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
രാഹുൽ രവീന്ദ്രൻ.
(ഡി വൈ എഫ് ഐ നേതാവ്.)