 
പുനലൂർ: ചാലിയക്കര ആറിന് മദ്ധ്യേയുള്ള പാലം കണ്ടാൽ ആരുമൊന്ന് നോക്കിപോകും. കാണാനുള്ള ഭംഗി മാത്രമല്ല. കയറിയാൽ ശരിക്കും ഊഞ്ഞാലിലാടുന്നപോലുള്ള അനുഭവം ആണ്. തദ്ദേശിയർക്ക് പുറമെ വിദേശ വിനോദ സഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന ചാലിയക്കരയിലെ കമ്പി പാലം ശ്രദ്ധേയമാകുകയാണ്. തെന്മല പഞ്ചായത്തിലെ ചാലിയക്കര എ. വി. ടി റബർ എസ്റ്റേറ്റിൽ കൂടി ഒഴുകുന്ന ചാലിയക്കര ആറിന് മദ്ധ്യേയാണ് ഈ കമ്പി പാലം സ്ഥിതി ചെയ്യുന്നത്.ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പണി കഴിപ്പിച്ച കമ്പി പാലം ഇന്ന് കൗതുക കാഴ്ചയായി മാറുകയാണ്.
ഇരുമ്പ് റോപ്പിൽ വലിച്ചുകെട്ടി
ചാലിയക്കര ആറിന്റെ ഇരുകരളിലുമായി നാല് കൂറ്റൻ ഇരുമ്പ് റോപ്പിലാണ് കമ്പിപാലം വലിച്ചുകെട്ടിയിരിക്കുന്നതെന്ന പ്രത്യേകതയാണ് കാണികളെ ആകർഷിക്കാൻ മുഖ്യകാരണം. 80 മീറ്ററോളം നീളമുള്ള പാലത്തിന്റെ ഉപരിതലത്തിൽ പലകകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാൻ പാലത്തിൽ കയറുമ്പോൾ ഊഞ്ഞാൽ മാതൃകയിൽ പാലം അടും. ഇത് കാരണം പാലത്തിൽ കയറുന്ന കുട്ടികളും വിനോദ സഞ്ചാരികളും അൽപ്പം ഭയപ്പെടാറുമുണ്ട്
പാലം ഏറ്റെടുക്കണം
എസ്റ്റേറ്റ് ഫാക്ടറിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ലയത്തിലെ തോട്ടം തൊഴിലാളികൾക്ക് ചാലിയക്കര -പുനലൂർ പാതയിൽ എത്തുന്നതിന് വേണ്ടിയാണു കമ്പിപാലം പണിതത്.നൂറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ നവീകരണ ജോലികൾ തോട്ടം ഉടമയാണ് ചെയ്തു വരുന്നത്.പാലത്തിന്റെ ഉപരിതലത്തിൽ പാകിയിരിക്കുന്ന പലകകൾ ദ്രവിച്ചു നാശത്തിലേക്ക് നീങ്ങിയിട്ടു ഏറെ നാളായി. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ.ഇത് കണക്കിലെടുത്ത് പാലം സർക്കാരോ, പഞ്ചായത്തോ ഏറ്റെടുക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.