
 നവമാദ്ധ്യമങ്ങളിൽ കൊണ്ടും കൊടുത്തും പോസ്റ്റുകൾ
കൊല്ലം: എം. മുകേഷ് എം.എൽ.എയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള പോര് മുറുകുന്നു. എം.എൽ.എയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തെരുവിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ഇരുകൂട്ടരും തമ്മിലുള്ള ചൂടൻ വാക്പോരിലേക്ക് കടന്നിരിക്കുകയാണ്.
ഉറക്കത്തിലുള്ള എം.എൽ.എയെ ഉണർത്താനെന്ന പേരിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ പെരുമ്പറ കൊട്ടി സമരം സംഘടിപ്പിച്ചിരുന്നു.
ഇതിന് ഫേസ്ബുക്കിൽ കലക്കൻ മറുപടിയുമായി എം.എൽ.എ രംഗത്തെത്തി. 'കൊട്ടിക്കോ, കൊട്ടിക്കോ, കൊട്ടിക്കൊട്ടി വഴിതെറ്റി ബി.ജെ.പി ഓഫീസിൽ പോയി കയറരുത്' എന്നായിരുന്നു മുകേഷിന്റെ മറുപടി പോസ്റ്റ്. വിട്ടുകൊടുക്കാൻ തയ്യാറാകാതെ യൂത്ത് കോൺഗ്രസുകാരും കച്ചമുറുക്കി. എം.എൽ.എയെ വിമർശിച്ചുള്ള നെടുനീളൻ പോസ്റ്റിൽ മുകേഷിന്റെ പ്രസിദ്ധമായ 'തോമസുകുട്ടീ വീട്ടോടാ..' എന്ന ഡയലോഗ് വിഷ്ണു സുനിൽ പന്തളം എടുത്തുകാച്ചി.
എം.എൽ.എയ്ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരും വാട്സ്ആപ്പിലും ഫേസ്ബുക്കിലും പോരിനിറങ്ങിയിട്ടുണ്ട്. നവമാദ്ധ്യമ യുദ്ധങ്ങൾ തെരുവിലേക്ക് വ്യാപിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പോരും കൈയാങ്കളിയിലേക്ക് കടക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
 എം.എൽ.എയെ കാണ്മാനില്ല !
നേരത്തെ എം. മുകേഷ് എം.എൽ.എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം വെസ്റ്റ് പൊലീസിന് നൽകിയ പരാതി വലിയ ചർച്ചയായിരുന്നു. പരാതി കൈപ്പറ്റി രസീത് നൽകിയ അന്നത്തെ വെസ്റ്റ് എസ്.ഐയെ ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റിയിരുന്നു.