
കൊല്ലം: ബി.ജെ.പി ജില്ലാ പ്രസിഡന്റ് പാർട്ടി ജില്ലാ ആസ്ഥാനത്ത് ഷാളണിയിച്ച് സ്വീകരിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി 24 മണിക്കൂറിനകം തിരികെ കോൺഗ്രസിലേക്ക് പോയത് അങ്ങ് തിരുവനന്തപുരത്താണ്.
തിരഞ്ഞെടുപ്പ് കാലത്തെ ഈ കൂടുവിട്ട് കൂട് മാറ്റം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ല. പോസ്റ്റർ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും പാർട്ടി പരിപാടിക്ക് ആവശ്യത്തിന് പണം മുടക്കാനുമൊക്കെ പൊടുന്നനെ ചിലർ ഇറങ്ങി പുറപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണുവച്ചാണ്. മത്സരിക്കുമെന്ന പ്രചാരണം ചായക്കടകൾ മുതൽ കളിക്കളങ്ങളിൽ വരെ ചർച്ചയാക്കാൻ വേണ്ടതൊക്കെ ചെയ്തുവയ്ക്കും. പക്ഷേ, ഇത്തരക്കാർ ആഗ്രഹിക്കുന്നത് പോലെയല്ലല്ലോ പാർട്ടികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. സ്ഥാനാർത്ഥി നിർണയം തുടങ്ങിയതോടെ മുറുമുറുപ്പായി, നേതാവിന്റെ വീട്ടിൽ പോയി സങ്കടം പറച്ചിലായി, സഹതാപം പിടിച്ചുപറ്റാൻ ഫേസ് ബുക്കിൽ എഴുത്തായി, ഒടുവിൽ മറ്റൊരു പാർട്ടിയുടെ ഓഫീസിൽ പോയി കൊടി പിടിച്ച് പ്രതിഷേധം അറിയിക്കും. പറ്റിയാൽ അവരുടെ സ്ഥാനാർത്ഥി, ഇല്ലെങ്കിൽ പോട്ടെ അടുത്ത തവണ നോക്കാമെന്നായി.
പരമ്പരാഗതമായി പാർട്ടി ചട്ടക്കൂടുകളിൽ നിൽക്കുന്നവരിൽ ഭൂരിപക്ഷവും അവഗണനയും ഒഴിവാക്കലുകളും ഒക്കെ നേരിട്ടാലും പാർട്ടി വിട്ട് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാറില്ല. കാരണം അവരുടെ ജീവിതവും ആദർശവും മേൽവിലാസവും ഒക്കെ സ്വന്തം പാർട്ടിയുടെ ചുറ്റുവട്ടങ്ങളിലാണ്. അർഹമായ പരിഗണന നൽകാതെ പ്രാദേശിക നേതാക്കളിലെ ജനസമ്മതിയുള്ളവരെ തഴയുന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ പതിവാണ്. ഗ്രൂപ്പും നേതാക്കളുടെ വ്യക്തി പരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ ഇതിൽ ഘടകമാകാറുണ്ട്. പക്ഷേ ഇത്തവണ, വിജയ സാദ്ധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് മൂന്ന് മുന്നണികളുടെയും നേതൃത്വങ്ങൾ നൽകിയിരിക്കുന്ന നിർദേശം. ഇതിനകം സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ റിബൽ നീക്കങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കാനും ഇടപെടൽ തുടങ്ങി.