photo
വെല്ലക്കെട്ടായി മാറിയ പാവത്തേത്ത് റോഡ്

കരുനാഗപ്പള്ളി: മഴ മാറിയെങ്കിലും തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പാവത്തേത്ത് റോഡിലെ വെള്ളക്കെട്ടിന് ശമനമില്ല. 2, 3 വാർഡിലൂടെ കടന്ന് പോകുന്ന റോഡാണിത്. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള റോഡിന്റെ ടാറിംഗ് വെള്ളക്കെട്ടിൽ ഇളകി കുണ്ടും കുഴിയുമായി മാറി. മഴക്കാലത്ത് റോഡ് കുളമായി മാറും. പിന്നെ ഇതുവഴി കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ വെള്ളക്കെട്ടിലെ കുഴികളിൽ പെട്ട് വീഴുന്നത് പതിവ് കാഴ്ചയാണ്. വെള്ളം ഒഴുകി പോകാൻ സൗകര്യം ഇല്ലാത്തതിനാൽ വെള്ളം റോഡിൽ നിന്നു തന്നെ വറ്റണം.

ഓട നിർമ്മിക്കണം

ഒരു കിലോമാറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ 300 മീറ്ററോളം ദൂരത്തിൽ ഒാട നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ഒാടയുമായി ബന്ധിപ്പിക്കാത്തതിനാൽ വെള്ളം ഒഴുകി പോകാതെ ഓടയിൽ തന്നെ കെട്ടി നിൽക്കുകയാണ്. 50 ഓളം കുടുംബങ്ങൾ റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കളാണ്. നാട്ടുകാർക്ക് മുരുകായലം ജംഗ്ഷനിൽ എത്തിപ്പെടാനുള്ള പ്രധാന മാർഗമാണ് ഈ റോഡ്. താഴ്ന്ന് കിടക്കുന്ന റോഡ് ഗ്രാവൽ ഇട്ട് ഉയർത്തി വശങ്ങളിൽ ഓട നിർമ്മിച്ചെങ്കിൽ മാത്രമേ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.

ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് മാത്രം ഉപയോഗിച്ച് റോഡ് ഉയർത്തി ടാർ ചെയ്യാൻ കഴിയില്ല. നിലവിൽ ഓട നിർമ്മിക്കുനായി 6 ലക്ഷം രൂപാ ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ചു. ഇതിന്റെ ടെന്റർ നടപടികൾ പൂർത്തിയായി. മഴ മാറിയാൽ ഓടയുടെ നിർമ്മാണം ആരംഭിക്കും. റോഡ് ഉയർത്തി ടാർ ചെയ്യുന്നതിനായി തീരദേശ റോഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പിന് നിവേദനംനൽകിയിട്ടുണ്ട്. നിവേദനം ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്. 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫണ്ട് ലഭിക്കുന്ന മുറക്ക് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നതാണ്.

ബിജി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ. 3-ം വാർഡ്: