onion

 പലവ്യഞ്ജനങ്ങളുടെയും വില വർദ്ധിക്കുന്നു

കൊല്ലം: സവാളയുടെയും കൊച്ചുള്ളിയുടെയും വില കുത്തനെ കുതിച്ചുയരുന്നു. ഈമാസം ആദ്യം കിലോയ്ക്ക് 50 രൂപയായിരുന്ന സവാള വില ഇന്നലെ 70ൽ എത്തി. കൊച്ചുള്ളി വില കഴിഞ്ഞയാഴ്ചത്തെ 55 രൂപയിൽ നിന്നും കുത്തനെ ഉയർന്ന് 85 ആയി. അരിയും പഞ്ചസാരയും ഒഴികെ ഒട്ടുമിക്ക ഇനങ്ങളുടെയും വില വിപണിയിൽ ഉയർന്നിട്ടുണ്ട്.

സവാളയുടെയും കൊച്ചുള്ളിയുടെയും വിലക്കയറ്റത്തിന്റെ കാരണം വ്യാപാരികൾക്ക് കൃത്യമായി അറിയില്ല. ഇവിടുത്തെ വ്യാപാരികൾ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്ന് വാങ്ങാൻ ശ്രമിച്ചിട്ടും കാര്യമായ വില വ്യത്യാസമില്ല.

പുനെ സവാളയാണ് കേരളത്തിൽ പ്രധാനമായും എത്തുന്നത്. തമിഴ്നാട്, ബംഗളൂരു സവാളകളുടെ വിലകൾ തമ്മിലും കാര്യമായ അന്തരമില്ല. കൊച്ചുള്ളി തമിഴ്നാട്ടിലെ തൃച്ചി, ആലക്കുളം, ദിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സവാളയുടെയും കൊച്ചുള്ളിയുടെയും വില വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.

 കിറ്റ് ഇല്ലായിരുന്നെങ്കിൽ കുതിച്ചേനെ

കൊവിഡ് കാരണം കയറ്റുമതി കുറഞ്ഞതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷിയുടെ അളവ് കുറച്ചതാണ് പയർ ഇനങ്ങളുടെ വിലവർദ്ധനവിന്റെ കാരണമായി പറയുന്നത്. ഇപ്പോൾ ഉയർന്ന് നിൽക്കുന്ന മുളക് വില ഡിസംബറിൽ ഗുണ്ടൂരിൽ സീസൺ ആരംഭിക്കുന്നതോടെ കുറയും. സർക്കാരിന്റെ സൗജന്യ കിറ്റ് ഇല്ലായിരുന്നെങ്കിൽ വില കൂടുതൽ കുതിച്ചുയരുമായിരുന്നുവെന്നും വ്യാപാരികൾ പറയുന്നു.

 സവാളയുടെയും കൊച്ചുള്ളിയുടെയും വില മാറ്റം

സീസൺ- സവാള വില, കൊച്ചുള്ളി വില

ആഗസ്റ്റ് ആദ്യം- 20, 40

ഓണക്കാലം- 25, 40

ഈമാസം ആദ്യം- 50, 50

ഇപ്പോൾ -70, 85

 മറ്റ് പലവ്യഞ്‌ജനങ്ങൾ

ഇനം, കഴിഞ്ഞയാഴ്ച, ഈയാഴ്ച

വെളിച്ചെണ്ണ- 160, 180

പയർ- 80, 95

കടല- 60, 70-75

ഉഴുന്ന് പരിപ്പ്- 110, 125

മുളക്- 140- 160-170

മല്ലി- 85, 90