
 പ്രതിഷേധവുമായി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ
കൊല്ലം: അഞ്ചൽ - കൊട്ടിയം കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് തകർക്കാനായി സ്വകാര്യ ബസുടമകൾ നടത്തുന്ന ശ്രമങ്ങൾക്ക് ആർ.ടി.ഒ ഒത്താശ ചെയ്യുകയാണെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് തൊട്ടുമുന്നേ സമയക്രമം പാലിക്കാതെ സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുകയാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ സ്വകാര്യ ബസ് ജീവനക്കാർ ആക്രോശവും ഭീഷണിയും മുഴക്കുന്നു. വരുമാനത്തിൽ ഇടിവുണ്ടാക്കി കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കാനായാണ് ചില സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ ഇത്തരം പ്രവൃത്തികൾ നടക്കുന്നത്.
വ്യക്തമായ തെളിവുകൾ സഹിതം അസോസിയേഷൻ ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരെ സമീപിച്ചതിനെ തുടർന്ന് അസോ. ഭാരവാഹികളുമായി യോഗം വിളിച്ചുചേർത്ത ആർ.ടി.ഒ, സ്വകാര്യ ബസ് മുതലാളിമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണുണ്ടായതെന്നും ഭാരവാഹികൾ ആരോപിച്ചു.
മികച്ച വരുമാനം ലഭിക്കുന്ന ഓയൂർ - കൊട്ടിയം റൂട്ടിൽ അഡീഷണൽ സർവീസും, കൊട്ടിയം, ഇത്തിക്കര, കട്ടച്ചൽ, കുമ്മല്ലൂർ പാലം, ചാത്തന്നൂർ സർക്കുലർ ബസുകളും ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.