
കൊല്ലം: കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കളക്ടർ അപമാനിച്ചതായി ആരോപിച്ച് കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി അസോ. വനിതാ വിഭാഗം 'നിവേദിത' നടത്തുന്ന വായമൂടിക്കെട്ടി സമരം മൂന്നാം ദിവസം പിന്നിട്ടു. ഡോക്ടറെ ഡ്യൂട്ടി സമയത്ത് വിളിച്ചുവരുത്തി സമൂഹമദ്ധ്യത്തിൽ വച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിച്ച കളക്ടർ തെറ്റായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർമാർ കളക്ടറേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. ഡോ. വിജയശ്രീ, ഡോ. പ്രീതി അഹാദ്, ഡോ. പ്രതിഭാ നായർ, ഡോ. അനഘ, ഡോ. വീണാരാജ് എന്നിവർ പങ്കെടുത്തു.
കളക്ടറുടെ നടപടിക്കെതിരെ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് എസ്. അജയകുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ സംസ്ഥാന നേതാക്കളടക്കമുള്ള ഭാരവാഹികൾ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു എന്നിവരെ കണ്ട് ചർച്ച നടത്തി.
കളക്ടർ മാപ്പ് പറയണം
വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തിൽ ജില്ലാ കളക്ടർ മാപ്പ് പറയണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. കിരൺ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ആരോഗ്യവകുപ്പിനെ അവഹേളിക്കുന്ന സമീപനമാണ് ജില്ലാ കളക്ടർ സ്വീകരിക്കുന്നത്. സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതിലുള്ള വീഴ്ച മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ പഴിചാരുന്നത്. അശാസ്ത്രീയ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കളക്ടർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.