kollam-thodu
കൊല്ലം തോട്

 നവംബർ അവസാനത്തോടെ യാഥാർത്ഥ്യമാകാൻ സാദ്ധ്യത

കൊല്ലം: കൊല്ലം തോട്ടിൽ നവംബർ അവസാനത്തോടെ ജലഗതാഗതം ആരംഭിക്കാൻ സാദ്ധ്യത. ഇപ്പോൾ ഗതാഗതത്തിന് തടസമായി നിൽക്കുന്ന കച്ചിക്കടവ് മുതൽ ജലകേളീ കേന്ദ്രം വരെയുള്ള മൂന്നാം റീച്ചിലെ ശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ ക്ഷണിച്ചു.

അടുത്തമാസം ആദ്യത്തോടെ കരാർ ഒപ്പിടാനാകുമെന്നാണ് കണക്കുകൂട്ടൽ. 1.8 മീറ്റർ നീളമുള്ള ഈ ഭാഗത്തെ നവീകരണത്തിന് 4.46 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. തോടിന്റെ ആഴംകൂട്ടലും പാർശ്വഭിത്തി നിർമ്മാണവുമാണുള്ളത്. കരാറായാൽ ആദ്യംതന്നെ ഈ ഭാഗത്തെ ചെളിയും മാലിന്യം കലർന്ന മണലും നീക്കം ചെയ്ത് ഗതാഗതത്തിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

അതേസമയം പുതിയ കരാർ നൽകുന്നതിനെതിരെ ഇപ്പോൾ ഒഴിവാക്കപ്പെട്ട കരാറുകാരൻ കോടതിയെ സമീപിച്ചാൽ നവീകരണ പ്രവർത്തനങ്ങൾ നീളാൻ സാദ്ധ്യതയുണ്ട്. ഗതാഗതയോഗ്യമായാൽ അഷ്ടമുടി കായൽ മുതൽ പരവൂർ കായൽ വരെ കൊല്ലം തോട്ടിലൂടെ വിനോദ ബോട്ട് സർവീസ് ആരംഭിക്കാനാണ് ആലോചന.

 ഇഴഞ്ഞുനീങ്ങിയ മൂന്നാം റീച്ച്; 2 വർഷത്തിൽ പൂർത്തിയായത് 11 ശതമാനം

കൊല്ലം തോടിന്റെ ഒന്ന്, നാല്, അഞ്ച്, ആറ് റീച്ചുകളിലെ നവീകരണം പൂർത്തിയായി. ഇരവിപുരം പാലം മുതൽ കച്ചിക്കടവ് വരെയുള്ള രണ്ടാം റീച്ചിൽ 55 ശതമാനത്തോളം നവീകരണം പൂർത്തിയായതിനാൽ ഏകദേശം ഗതാഗത യോഗ്യമാണ്.

എന്നാൽ മൂന്നാം റീച്ചിലെ നവീകരണം രണ്ട് വർഷം മുമ്പ് ആരംഭിച്ചതാണ്. പക്ഷെ മെല്ലപ്പോക്ക് കാരണം ഇതിന്റെ കരാർ റദ്ദാക്കിയിരുന്നു. രണ്ട് വർഷത്തിനിടെ ഈ ഭാഗത്ത് കേവലം 11 ശതമാനം നവീകരണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. എന്നാൽ എട്ട് മാസം മുമ്പ് ആരംഭിച്ച രണ്ടാം റീച്ച് ലോക്ക്ഡൗൺ അടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് പകുതിയിലേറെ പുരോഗമിച്ചത്.