 
മൺറോത്തുരുത്ത്: നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ നാടൻപാട്ട് കലാകാരൻ ചികിത്സാസഹായം തേടുന്നു. കല്ലട ജലോത്സവത്തിന്റെ സംഘാടകരിലൊരാളായ മൺറോത്തുരുത്ത് കിടപ്പുറം വലിയ മാട്ടേൽ അമ്പിളി എന്ന് വിളിക്കുന്ന സുരേന്ദ്രനാണ് (60) സുമനസുകളുടെ കാരുണ്യം അഭ്യർത്ഥിക്കുന്നത്.
20 വർഷം മുമ്പ് ജലോത്സവം കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകവേ ചിലർ ആളുമാറി മർദ്ദിച്ചതിനെ തുടർന്ന് സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റിരുന്നു. മർദ്ദനത്തെ തുടർന്ന് മാനസികനില തെറ്റിയ ഇദ്ദേഹത്തിന് 12 വർഷം മുമ്പ് പ്രമേഹം മൂലം കാഴ്ചശക്തിയും പൂർണമായി നഷ്ടപ്പെട്ടു. ഏതാനും നാൾ മുമ്പ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേൽക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ശരീരം തളർന്ന് കിടപ്പിലായതോടെ പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കലാകാരൻ.
രണ്ട് സെന്റ് സ്ഥലവും തകർന്നുവീഴാവുന്ന തരത്തിലുള്ള ഒരു കൂരയും മാത്രമാണ് അവിവാഹിതനായ സുരേന്ദ്രന് സ്വന്തമായുള്ളത്. വിവാഹിതയായ ഇദ്ദേഹത്തിന്റെ ഒരു സഹോദരി അവരുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് പരിചരിക്കുന്നത്. നിർദ്ധനയായ ഈ സഹോദരിയും നാട്ടുകാരും ചേർന്നാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. അടിയന്തരമായി ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. എന്നാൽ ഇതിനാവശ്യമായ തുക കണ്ടെത്താൻ മാർഗമില്ലാതെ ഉഴലുകയാണ് ഇവർ.
കാനറാ ബാങ്ക് മൺറോത്തുരുത്ത് ശാഖയിൽ സുരേന്ദ്രന്റെ സഹോദരി വത്സലയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 1024101112253. ഐ.എഫ്.എസ്.സി: CNRB0001024. ഫോൺ: 9846408535.