 
കൊല്ലം: തരിശുഭൂമികൾ കൃഷിയോഗ്യമാക്കിയ ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് ഇനി തരിശുരഹിതം. ഹരിത കേരളം മിഷനും കൃഷിവകുപ്പും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം ഇളമ്പള്ളൂരിന് കൈവരിക്കാനായത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പഞ്ചായത്തിന്റെ തരിശുരഹിത പ്രഖ്യാപനം നടത്തി.
പഞ്ചായത്തിലെ 90 ശതമാനം ഭൂമിയും കൃഷിയോഗ്യമാക്കിയാണ് ലക്ഷ്യം നേടിയത്. രണ്ടുപതിറ്റാണ്ട് തരിശുകിടന്നിരുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള കരിപ്പുകളായിക്കോണം പാടശേഖരം, ഒരു ദശാബ്ദത്തിലേറെ തരിശുകിടന്ന ഇളമ്പള്ളൂർ പാടശേഖരം, 20 വർഷമായി തരിശുകിടന്ന കല്ലിങ്ങൽ പാടശേഖരം, കുളപ്ര പാടശേഖരം എന്നിവിടങ്ങളിലാണ് നെൽക്കഷിയിറക്കിയത്. കൂടാതെ 35 ഏക്കറോളം കരഭൂമിയിൽ യുവജന രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, സഹകരണ പ്രസ്ഥാനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ മരച്ചീനി, വാഴ, കരനെല്ല്, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവും കൃഷിയിറക്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപകുമാർ, കൃഷി ഓഫീസർ സജീദമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈല മധു, മെമ്പർമാരായ പി. രഞ്ജിനി, സുജാതാ മോഹൻ, രജനി, സെക്രട്ടറി സ്റ്റീഫൻ മോത്തീസ്, ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.