covid

കുറഞ്ഞ സമയത്തിനുള്ളിൽ രോഗമുക്തി നേടിയവർ നാലായിരത്തിലധികം

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് ഗൃഹചികിത്സയിൽ പ്രവേശിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കുറഞ്ഞ സമയത്തിനുള്ളിൽ നാലായിരത്തിലധികം പേരാണ് രോഗമുക്തി നേടിയത്. ഗൃഹചികിത്സയിൽ കഴിയുന്നവരിൽ നിന്നുള്ള രോഗവ്യാപന തോത് കൊല്ലത്ത് വളരെ കുറവാണ്.

ജില്ലയിൽ സെപ്തംബർ നാലിനാണ് ഗൃഹചികിത്സ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആശങ്കയയോടെയാണ് ആരോഗ്യ വകുപ്പും രോഗികളും പൊതുജനങ്ങളും ഗൃഹചികിത്സയെ സമീപിച്ചത്. പക്ഷേ ആരോഗ്യ വകുപ്പിന്റെ തുടർ ബോധവത്കരണങ്ങൾ ഗൃഹചികിത്സയ്ക്ക് വലിയ പ്രചാരണം ലഭിക്കുന്നതിന് ഇടയാക്കി.

വീട്ടിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചാൽ ആ വീട്ടിലെ പ്രാഥമിക സമ്പർക്കത്തിലുള്ള മറ്റുള്ളവർക്കും രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പക്ഷേ ഗൃഹചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളിൽ രോഗം ബാധിച്ച സാഹചര്യം കൊല്ലത്ത് വളരെ കുറവാണ്.

നിബന്ധനകളോടെ അനുമതി

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരും നേരിയ പനി, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ഗൃഹചികിത്സയിൽ പ്രവേശിക്കാൻ അനുവദിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ആരോഗ്യ പ്രവർത്തകർ നേരിട്ട് ഗൃഹപരിശോധന നടത്തും. വീട്ടിലെ സൗകര്യങ്ങളും രോഗീപരിചരണ സാഹചര്യങ്ങളും മെഡിക്കൽ ഓഫീസർ ബോദ്ധ്യപ്പെട്ട് ശുപാർശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഗൃഹചികിത്സ അനുവദിക്കൂ. അല്ലാത്തവരെ ആശുപത്രികളിലേക്ക് മാറ്റും.

ടെലി കൺസൾട്ടേഷൻ, മരുന്നുകൾ വീട്ടിലെത്തിക്കും

ഗൃഹചികിത്സയിൽ പ്രവേശിക്കുന്നവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങൾ ടെലി കൺസൾട്ടേഷൻ വഴിയാണ് നൽകുന്നത്. ഇവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ കൗൺസലിംഗ് നൽകും. രോഗിക്കുള്ള മരുന്നുകൾ, കുടുംബാംഗങ്ങൾക്ക് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവ വീട്ടിൽ എത്തിക്കും.

മാനസിക സംഘർഷവും വിഷാദവും ഒഴിവാകും

കൊവിഡ് ബാധിച്ച് ഗൃഹചികിത്സയിൽ കഴിയുന്നവർക്ക് മാനസിക സംഘർഷം, വിഷാദം, ഉറക്കക്കുറവ്, ആത്മഹത്യാ പ്രവണത എന്നിവ ഉണ്ടാകുന്നില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പഠനം പറയുന്നു. ആംബുലൻസ് വീടിന് മുന്നിലെത്തി ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും ഗൃഹചികിത്സയിൽ ഇല്ലാതായി.

മുമ്പ് കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നവരിൽ മിക്കവരും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു. ഏകാന്തത, ബന്ധുക്കളെ കാണാൻ കഴിയാത്തത് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ പലരിലും ആത്മഹത്യാ ചിന്തകളും വിഷാദവും വളർത്തിയിരുന്നു.

ഗൃഹചികിത്സയിൽ കഴിയുന്നവരിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നത് കുറവാണ്. ഇത് ഗൃഹചികിത്സയുടെ വിജയമാണ്.

ഡോ. ആർ. ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ