
കൊല്ലം: ബ്രാൻഡ് രജിസ്ട്രേഷൻ നടപടി ശക്തമാക്കിയതോടെ വെളിച്ചെണ്ണയുടെ പേരിലുള്ള കൊള്ളയും തട്ടിപ്പുകളും അവസാനിച്ചേക്കും. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ നാലുമാസത്തിനുള്ളിൽ ചെറുകിട മില്ലുകാരുൾപ്പെടെ 60 ഓളം വെളിച്ചെണ്ണ ഉത്പാദകരാണ് ബ്രാൻഡ് രജിസ്ട്രേഷന് സമീപിച്ചത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡം പാലിക്കുന്നവർക്ക് മാത്രമേ ഇനിമുതൽ ഇനിവെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്താനാവൂ. ഓരോ കമ്പനിയും ഒരു ബ്രാൻഡിൽ മാത്രമേ ഉത്പാദനം നടത്താൻ പാടുള്ളൂ. വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ അക്രഡിറ്റഡ് ലബോറട്ടറി സംവിധാനം ഉത്പാദകർ സ്വന്തം നിലയിൽ ക്രമീകരിക്കണം. വലിയ തുക ചെലവാക്കി ലാബ് സജ്ജീകരിക്കാനാവാത്ത ഇടത്തരം - ചെറുകിട ഉത്പാദകർ തങ്ങളുടെ വെളിച്ചെണ്ണ കോന്നിയിലെ സി.എഫ്.ആർ.ഡിയിലെത്തിച്ച് (കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) ഓരോ ബാച്ചിന്റെയും ഗുണനിലവാരം സ്വന്തംചെലവിൽ പരിശോധിച്ച് മില്ലിൽ പരിശോധനാഫലം പരസ്യമായി പ്രദർശിപ്പിക്കണം.
റീപായ്ക്കുകാർ ജാഗ്രതൈ
വിവിധ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏജൻസികൾ കേരളത്തിലുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന എണ്ണയിൽ മായം കലർത്തി വിവിധ ബ്രാൻഡുകളുടെ പേരിൽ കവറിലാക്കിയാണ് വില്പന. പാം ഓയിൽ, ആർജിമോൺ ഓയിൽ, നിലക്കടല എണ്ണ, പരുത്തിക്കുരു എണ്ണ തുടങ്ങി ഗുണനിലവാരമില്ലാത്ത എണ്ണകളുടെ മിശ്രിതങ്ങളാണ് വെളിച്ചെണ്ണയെന്ന പേരിൽ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുന്നത്. റിഫൈൻഡ് ഓയിലിലേക്ക് കൊപ്രാ ചിപ്സ് ചേർത്ത് ഇളക്കുകയോ 20 ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും ലഭിക്കും. ഇത്തരം വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് വൻതോതിൽ പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതേ വെളിച്ചെണ്ണ പുതിയ പേരുകളിൽ പുറത്തിറക്കി ലാഭം കൊയ്യുകയാണ് വ്യാജന്മാർ. കേരളത്തിന് പുറത്തുനിന്ന് ഗുണനിലവാരമില്ലാത്ത എണ്ണകൾ കൊണ്ടുവന്ന് അതിൽ രാസവസ്തുക്കൾ കലർത്തി റീപായ്ക്ക് ചെയ്ത് വില്പന നടത്തുന്ന സംഘങ്ങളാണ് വെളിച്ചെണ്ണയിൽ മായം കലർത്തുന്നതിൽ മുന്നിൽ.
ഗുണനിലവാരം കുറഞ്ഞാൻ ബ്രാൻഡ് നിരോധിക്കും
ഉത്പാദന കേന്ദ്രങ്ങളിലെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച ശേഷം ഉത്പാദകരുടെ ലാബ് പരിശോധനാഫലവുമായി താരതമ്യം ചെയ്യും. ഫലത്തിലോ ഗുണനിലവാരത്തിലോ വ്യത്യാസം വന്നാൽ ബ്രാൻഡ് നിരോധിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. വെളിച്ചെണ്ണ വിപണിയിൽ പല ബ്രാൻഡുകളും നിരോധിച്ചിട്ടും പുതിയ പുതിയ ബ്രാൻഡുകളിൽ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് ബ്രാൻഡ് രജിസ്ട്രേഷൻ കർശനമാക്കിയത്.
മുൻപ് പിടിച്ചെടുത്ത ബ്രാൻഡുകളുൾപ്പെടെ പിഴവുകൾ പരിഹരിച്ചും ഫൈൻ അടച്ചും ബ്രാൻഡ് രജിസ്ട്രേഷനായി എത്തിയിട്ടുണ്ട്. 70 ഓളം ബ്രാൻഡ് രജിസ്ട്രേഷൻ അപേക്ഷകളിൽ നടപടികൾ തുടരുകയാണ്. സ്വന്തം നിലയ്ക്കുള്ള ഗുണനിലവാര പരിശോധനയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും നിർബന്ധമാകുന്നതോടെ റീപായ്ക്കിന്റെയും അല്ലാതെയുമുള്ള തട്ടിപ്പുകൾ അവസാനിക്കുമെന്നാണ് കരുതുന്നത്.
ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ, കൊല്ലം