sulaiman

കൊല്ലം: കൊവിഡ് ആശുപത്രികളിലെ ജീവനക്കാരുടെ അനാസ്ഥ കാരണം വൃദ്ധന്റെ മൃതദേഹം അഞ്ച് ദിവസം അനാഥമായി ആശുപത്രി മോർച്ചറിയിൽ കിടന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. പത്തനാപുരം തലവൂർ ഞാറക്കാട് വലിയപാറകുഴിയിൽ സുലൈമാൻ കുഞ്ഞിന്റെ (85) മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അജ്ഞാത മൃതദേഹം എന്ന തരത്തിൽ ഉപേക്ഷിച്ചതിനെ കുറിച്ചാണ് അന്വേഷണം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സയുടെ ചുമതല ഉണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സുലൈമാൻ കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായി. മേൽവിലാസത്തിൽ പിശകുണ്ടായിരുന്നു, മകൻ നൗഷാദിന്റെ ഫോൺ നമ്പരിൽ വിളിച്ചിട്ട് കിട്ടിയില്ല, തലവൂർ എന്ന സ്ഥലപ്പേര് തൈക്കാവൂർ എന്ന് രേഖപ്പെടുത്തി തുടങ്ങിയ കാരണങ്ങളാണ് ഗുരുതരമായ കൃത്യവിലോപത്തെ ന്യായീകരിക്കാൻ വിവിധ ആശുപത്രികൾ വിശദീകരിക്കുന്നത്. ആഗസ്റ്റ് 26നാണ് ശ്വാസം മുട്ടലിനെ തുടർന്ന് സുലൈമാൻ കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡി. കോളേജിലേക്ക് മാറ്റുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു. നൗഷാദ് തിരക്കിയെത്തിയപ്പോൾ അവിടെയില്ല. കൊല്ലം എസ്.എൻ ലാ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയെന്നറിഞ്ഞ് അവിടെയെത്തി ഫോണും വസ്ത്രങ്ങളും കൈമാറി. പിന്നീട് ഫോണിൽ കിട്ടാതെവന്നപ്പോൾ നേരിട്ടെത്തി. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അപ്പോഴറിയിച്ചത്. അവിടെയെത്തുമ്പോൾ പാരിപ്പള്ളി മെഡി. കോളേജിലേക്ക് കൊണ്ടുപോയെന്നായിരുന്നു മറുപടി. 13 മുതൽ 16 വരെ അദ്ദേഹത്തിനുള്ള ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കൽ കോളേജിലെത്തിച്ചു. 16ന് ആശുപത്രിയിലെത്തിയപ്പോൾ സുലൈമാൻ കുഞ്ഞിന് നെഗറ്റീവായെന്നും നേരിൽ കാണാമെന്നും ജീവനക്കാർ പറഞ്ഞു. അച്ഛനെ കാണാൻ വാർഡിൽ കയറിയപ്പോഴാണ് ശാസ്താംകോട്ട സ്വദേശി സുലൈമാൻ കുഞ്ഞിന്റെ ചികിത്സാ വിവരങ്ങളാണ് തന്നോട് പറഞ്ഞിരുന്നതെന്ന് മനസിലായത്. അച്ഛനെ കണ്ടെത്താൻ നൗഷാദ് നടത്തിയ പരിശ്രമമാണ് 18ന് തിരുവനന്തപുരം മെഡി. കോളേജിലെ മോർച്ചറി വരെ നീണ്ടത്. 13ന് മരിച്ച സുലൈമാൻ കുഞ്ഞിന്റെ മൃതദേഹം അനാഥമായി മോർച്ചറിയിലുണ്ടായിരുന്നു. മേൽവിലാസത്തിൽ പൊരുത്തക്കേടുണ്ടെന്ന പേരിൽ മൃതദേഹം വിട്ടു നൽകുന്നതിലും കാലതാമസമുണ്ടായെന്ന് നൗഷാദ് പറഞ്ഞു. മൃതദേഹം കുന്നിക്കോട്ടെത്തിച്ച് കൊവിഡ് മാനദണ്ഡങ്ങളോടെ കബറടക്കി.

ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ

1. പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡി. കോളേജിലേക്ക് മാറ്റുമെന്ന് പറഞ്ഞു. പക്ഷേ കൊണ്ടുപോയത് കൊല്ലത്തെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക്

2. പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് അറിയിച്ചില്ല. അവിടെന്ന് തിരുവനന്തപുരം മെഡി. കോളേജിലേക്ക് മാറ്റിയപ്പോഴും അറിയിച്ചില്ല

3.ബന്ധുക്കളോട് പറഞ്ഞത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയതെന്നാണ്. മകനെത്തിയപ്പോൾ മേൽവിലാസം തിരക്കാതെ മറ്റൊരു സുലൈമാന്റെ വിവരം അറിയിച്ചു

4. തിരുവനന്തപുരം മെഡി. കോളേജിൽ മരിച്ച സുലൈമാൻ കുഞ്ഞിന്റെ ബന്ധുക്കളെ വിവരമറിയിക്കാൻ ശ്രമിച്ചില്ല അനാഥ മൃതദേഹമായി മോർച്ചറിയിലേക്ക് മാറ്റി

'പാരിപ്പള്ളി മെഡി. കോളേജിൽ ചികിത്സയിൽ കഴിഞ്ഞ സുലൈമാൻ കുഞ്ഞിന് കൊവിഡ് നെഗറ്റീവ് ആയതുകൊണ്ടാണ് ബാപ്പയുടെ മരണവിവരം ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത്. പരാതിയുമായി എങ്ങും പോകാൻ ആഗ്രഹിക്കുന്നില്ല"

നൗഷാദ്, സുലൈമാൻ കുഞ്ഞിന്റെ മകൻ