ഒരു മാസത്തിനിടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത് 300 ഓളം പേർ
കൊല്ലം: നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതിപരത്തുന്ന തെരുവുനായ ശല്യത്തിന് അറുതിയാകുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിമാസം 250 - 300 ആളുകളാണ് നായ്ക്കളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നത്. അപൂർവം ചില വളർത്തുനായ്ക്കളുടെ ആക്രമണമൊഴിച്ചാൽ തെരുവുനായ്ക്കളുടെ കടിയേറ്റവരാണ് ഇവരിൽ അധികവും.
ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലുകൾ, കോഴിക്കടകൾ, കാറ്ററിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് റോഡുകളിൽ ഉപേക്ഷിക്കുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞതോടെ നിരത്തുകളിലെ നായശല്യം മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഹോട്ടൽ, ഓഡിറ്റോറിയം പരിസരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കിട്ടാതായതോടെ പട്ടിണിയിലായ തെരുവുനായ്ക്കൾ മതിൽക്കെട്ടുകളോട് കൂടിയ വീടുകളുള്ള ഭാഗങ്ങളിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നഗരത്തിൽ വ്യാപകമാകുന്ന അനധികൃത കശാപ്പുശാലകളും ഇപ്പോൾ ഇവയുടെ താവളമാണ്.
കൂട്ടത്തോടെ സഞ്ചാരം, ഭീതിയോടെ ജനം
പ്രജനന കാലമായതോടെ നാടെങ്ങും നായ്ക്കൾ കൂട്ടത്തോടെയാണ് സഞ്ചാരം. പ്രഭാത സവാരിക്കാർ ഉൾപ്പെടെയുള്ളവർ ഇവയെ പേടിച്ചാണ് ഇപ്പോൾ നടക്കാനിറങ്ങുന്നത്. ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും വന്നതോടെ ജനസാന്നിദ്ധ്യം കുറഞ്ഞ പ്രദേശങ്ങളും നായ്ക്കൾ കൈയ്യടക്കി.
പ്രധാന താവളങ്ങൾ
നഗരഹൃദയമായ ചിന്നക്കട ജംഗ്ഷനും പ്രധാന റോഡുകളും റെയിൽവേ സ്റ്റേഷൻ പരിസരവും നായ്ക്കളുടെ താവളങ്ങളാണ്. ചിന്നക്കട റൗണ്ടിൽ പട്ടാപ്പകലും ഇവ സ്വൈരവിഹാരത്തിലാണ്. ശക്തികുളങ്ങര, രാമൻകുളങ്ങര, ആനന്ദവല്ലീശ്വരം, തേവള്ളി, ഓലയിൽ,പോളയത്തോട്, മുണ്ടയ്ക്കൽ, ആശ്രാമം, കടപ്പാക്കട, കരിക്കോട്, കല്ലുംതാഴം, അയത്തിൽ, തട്ടാമല, മേവറം ഭാഗങ്ങളിലും സ്ഥിതി സമാനമാണ്.
കോഴികളെ കൊന്നു
കല്ലുംതാഴം രായരുമുക്ക് ഭാരത് നഗറിൽ ശബരീ ഗോഡൗണിന് സമീപത്തെ ഒരു വീട്ടിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് കോഴികളെയാണ് തെരുവുനായക്കൂട്ടം കൊന്നൊടുക്കിയത്. പ്രദേശത്ത് നിരവധി പേർക്ക് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്തു. വിവരം കൗൺസിലറെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തെരുവുനായ ശല്യം പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള ജനന നിയന്ത്രണ പദ്ധതിയാണ് നഗരസഭ നടപ്പാക്കിയിരുന്നത്. എന്നാൽ നായ്ക്കളെ വന്ധ്യംകരിക്കാനും പാർപ്പിക്കാനും സ്ഥലസൗകര്യമില്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. പരിചയ സമ്പന്നരായ നായപിടിത്തക്കാരെ ആവശ്യമുള്ളതായി കാണിച്ച് പരസ്യം നൽകിയിട്ടുണ്ട്. യോഗ്യരായ ആളുകളെ കണ്ടെത്തിയാലുടൻ ഉചിതമായ സ്ഥലം കണ്ടെത്തി വന്ധ്യംകരണത്തിനുള്ള നടപടി കൈക്കൊള്ളും.
പി.കെ. രാജേന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കൊല്ലം നഗരസഭ