wife

മഹാഭാരതത്തിലാണ് ഭാര്യയെ പണയം വച്ച കഥ നമ്മൾ ആദ്യമായി കേൾക്കുന്നത്. എന്നാൽ, ഇന്നും അത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് നമ്മുടെ ഇന്ത്യയിൽ. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അങ്ങനെയൊരു വിചിത്ര ആചാരം ഇപ്പോഴും നടന്നു വരുന്നത്. ധനികൻമാരിൽ നിന്നു പണം വാങ്ങി നിശ്ചിത കാലത്തേക്ക് ഭാര്യമാരെ അവരുടെ ഭാര്യയായി എഴുതി കൊടുക്കുന്ന ആചാരമാണിത്. കരാർ ഉറപ്പിച്ച ശേഷം ഭാര്യമാരെ വാടക ഭാര്യ ആയി നൽകും. 'ദടീച്ച പ്രത" എന്നാണ് ഈ ആചാരത്തിന്റെ പേര്.

വർഷത്തിലൊരിക്കൽ ശിവപുരിയിൽ നടക്കുന്ന മണ്ഡി അഥവാ ചന്തയിൽ ആണ് വിൽപ്പന നടക്കുന്നത്. സാധനങ്ങൾ നിരത്തി വച്ചിരിക്കുന്ന പോലെ അണിയിച്ചൊരുക്കി സ്ത്രീകളെ നിർത്തിയിരിക്കും. വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പോകുന്ന പുരുഷന്മാർ ആണ് ഇവരെ തേടി എത്തുന്നത്. ഒരു ദിവസം മുതൽ ഒരു വർഷം വരെയാണ് ഇവരുടെ കരാർ. 500 മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ നൽകുന്നത്. കാലാവധി കഴിഞ്ഞു വീണ്ടും ആ സ്ത്രീയെ വേണം എന്ന് തോന്നിയാൽ കരാർ പുതുക്കിയാൽ മതി. വേറെ ആളെ വേണമെങ്കിൽ അന്ന് ചന്തയിൽ എത്തി അടുത്ത ആളെ വാങ്ങിക്കും.

വിവാഹം കഴിഞ്ഞ സ്ത്രീകളെ ആണ് കൂടുതലും ഇങ്ങനെ നിർത്തുന്നത്. വിവാഹം കഴിക്കാത്ത പെൺകുട്ടികളെയും നിർത്താറുണ്ട്. ഇവരെ നിർത്തുന്നത് അച്ഛനോ അതോ അമ്മാവന്മാരോ ആയിരിക്കും. വിവാഹം കഴിഞ്ഞ സ്ത്രീകളെ വാടകയ്ക്ക് കൊടുക്കാനെത്തുന്നത് അവരുടെ ഭർത്താക്കന്മാർ ആയിരിക്കും. ഈ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ കരാർ അവസാനിക്കുമ്പോൾ മാതാവിനോ പിതാവിനോ ഒപ്പം കഴിയും. എന്നാൽ, പലപ്പോഴും കുട്ടികളെ ഇവർ ഏറ്റെടുക്കാൻ തയ്യാറാകാറുമില്ല.