ഇൻവെർട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
കൊല്ലം: നഗരത്തിലെ ഹാർഡ്‌വെയർ ഷോപ്പിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പായിക്കട റോഡിൽ ഉമാമഹേശ്വരി ക്ഷേത്രത്തിന് പിൻവശത്ത് രാജസ്ഥാൻ സ്വദേശി ജബറാം റാമിന്റെ ഉടമസ്ഥതയിലുള്ള പട്ടേൽ ഹാർഡ്‌വെയേഴ്സിലാണ് ഇന്നലെ പുലർച്ചയോടെ തീപിടിത്തമുണ്ടായത്.
രാവിലെ ആറുമണിയോടെ ഇതുവഴി പോയ ചുമട്ടുതൊഴിലാളിയാണ് കടയ്ക്കുള്ളിൽ നിന്ന് പുകയുയരുന്നതായി ചാമക്കട ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഷട്ടർ തകർത്ത് അകത്തുകടന്നപ്പോൾ കടയ്ക്കുള്ളിലാകെ തീപടർന്നതായി കണ്ടെത്തി. ചാമക്കടയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അനന്തുവിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും കടപ്പാക്കടയിൽ നിന്ന് ഒരു യൂണിറ്റുമെത്തി ഒന്നേകാൽ മണിക്കൂർ സമയമെടുത്താണ് തീ കെടുത്തിയത്.
മൂന്ന് മുറികളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഒരു കടമുറിയിലാണ് തീപിടിത്തമുണ്ടായത്. ഇൻവെർട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന ഹാർഡ്‌വെയർ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. അടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളുടെ കവറുകളിലേക്കും ചെറിയതോതിൽ തീ വ്യാപിച്ചെങ്കിലും യഥാസമയം കെടുത്താനായി.
കടമുറിയും ഉപകരണങ്ങളും കത്തിനശിച്ചതിലൂടെ പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയർഫോഴ്സ് അറിയിച്ചു. എന്നാൽ അമ്പത് ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായാണ് കടയുടമയുടെ വാദം. ഇത് പരിശോധിച്ച് വരികയാണെന്ന് ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
അടുത്തടുത്ത് കടകളുള്ള പ്രദേശത്ത് തീ പടർന്നിരുന്നെങ്കിൽ വൻദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. തീപിടിത്തത്തെ തുടർന്ന് പുലർച്ചെ രണ്ട് മണിക്കൂറോളം പായിക്കട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.