 
1503866 ചെലവഴിച്ച് വാങ്ങിയ യന്ത്രം
തഴവ: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തഴവ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം കളയും കാടും കയറി നശിക്കുന്നു.
2004-2005 സാമ്പത്തിക വർഷത്തിൽ കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷത്തി മൂവായിരത്തി എണ്ണൂറ്റി അറുപത്തി ആറ് രൂപ ചെലവഴിച്ചാണ് തഴവ ഗ്രാമ പഞ്ചായത്ത് കൊയ്ത്ത് മെതിയന്ത്രം വാങ്ങിയത്. എന്നാൽ തുടക്കം മുതൽ തന്നെ ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ അധികൃതർ അനാസ്ഥയാണ് കാണിച്ചതെന്ന് കർഷകർ പരാതിപ്പെടുന്നു.
വാടക 2500 രൂപ
കൊയ്ത്ത് മെതിയെന്ത്രത്തിന് ഇന്ധനച്ചെലവ് ഉൾപ്പടെ മണിക്കൂറിന് രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് പഞ്ചായത്തിന് അന്ന് വാടകയിനത്തിൽ ലഭിച്ചിരുന്നത്. കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് യന്ത്രം വാടകയ്ക്കെടുക്കുവാൻ തഴവ യിൽ എത്തിയിരുന്നത്. എന്നാൽ 2005 ൽ വാങ്ങിയ യന്ത്രം അഞ്ച് വർഷം മാത്രമാണ് പഞ്ചായത്ത് ഉപയോഗിച്ചത്. അഞ്ച് വർഷത്തിനിടയിൽ വെറും 816 മണിക്കൂർ മാത്രം പ്രവർത്തിപ്പിച്ചതായാണ് രേഖകളിൽ പറയുന്നത്.
അറ്റകുറ്റപ്പണികൾക്ക് 5 ലക്ഷം
2013 -2014 സാമ്പത്തിക വർഷത്തിൽ യന്ത്രം അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ വീണ്ടും അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചത്. ഇതനുസരിച്ചുള്ള നടപടികൾ പൂർത്തിയായെങ്കിലും അറ്റകുറ്റപ്പണികൾ അപര്യാപ്തമാണെന്നും സ്പെയർ പാർട്സുകൾ ലഭ്യമല്ലെന്നുമുള്ള വിശദീകരണത്തിൽ എല്ലാം അവസാനിച്ചു. തുടർന്ന് 2014 ആഗസ്റ്റിൽ യന്ത്രം കൊല്ലം കൃഷി എൻജിനിയറിംഗ് ഓഫീസിൽ എത്തിച്ച് സൂക്ഷിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും ഗ്യാരേജ് സൗകര്യമില്ലെന്ന പേരിൽ എൻജിനിയറിംഗ് ഓഫീസ് കൈമലർത്തി.
ലേലം ചെയ്യാൻ തീരുമാനം
കാലപ്പഴക്കം മൂലം ജീർണിച്ച് തുടങ്ങിയ യന്ത്രം പഞ്ചായത്ത് ഓഫീസ് വളപ്പിൽ കിടക്കുന്നത് ശരിയല്ലെന്നുകണ്ട് ആയിരകൾ ചെലവഴിച്ച് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രൈമറി ഹെൽത്ത് സെന്റർ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതോടെ വീണ്ടും ആയിരങ്ങൾ ചെലവഴിച്ച് സമീപത്തെ പഞ്ചായത്ത് കുളത്തിനരികിൽ ഉപേക്ഷിക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ഖജനാവ് കൊയ്യുന്ന ഈ യന്ത്രത്തെ സംസ്ഥാന ഓഡിറ്റ് വിഭാഗം നിഷ്ക്രിയ ആസ്തിയിൽ ഉൾപ്പെടുത്തി വിശദീകരണം ചോദിച്ചെങ്കിലും വില നിശ്ചയിക്കൽ ചടങ്ങ് നടത്തിയ ശേഷം ലേലം ചെയ്ത് തലവേദന തീർക്കാനാണ് ഇപ്പോഴത്തെ സമിതിയുടെ തീരുമാനം.
കർഷകരുടെ ക്ഷേമത്തിനു വേണ്ടി അനുവദിക്കുന്ന തുകയുടെ വിനിയോഗത്തിൽ കാര്യക്ഷമതയില്ല. അനുഭവസമ്പത്തുള്ള കർഷകരുടെ ആവശ്യമോ ,അഭിപ്രായമോ പരിഗണിക്കാതെ അധികൃതർ നടത്തുന്ന നടപടിയുടെ നഷ്ടങ്ങളിലൊന്നാണ് തഴവയിലെ കൊയ്ത്ത് യന്ത്രം കള്ളേത്ത് ഗോപി സെക്രട്ടറി മണപ്പള്ളി തെക്ക് നെല്ല് ഉൽപ്പാദക സമിതി. പഞ്ചായത്തിന്റെ ആകെ പദ്ധതി വിഹിതം ലക്ഷങ്ങൾ മാത്രമുള്ള കാലത്താണ് വലിയ വില നൽകി യന്ത്രം വാങ്ങിയത്. പക്ഷേ കാര്യക്ഷമമായി കർഷകർക്കോ,പഞ്ചായത്തിനോ പ്രയോജനപ്പെട്ടില്ല. രവീന്ദ്രൻ ചൂരത്തേത് കർഷകൻ.