
കൊല്ലം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് രാഷ്ട്രീയ കക്ഷികൾ. ഉറക്കം പോയത് ശരിക്കും ആണുങ്ങൾക്കാണ്. വനിതാ സംവരണം വന്നപ്പോൾ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച വനിതകൾ എല്ലാ പാർട്ടികളിലുമുണ്ട്. ആണുങ്ങൾക്ക് സംവരണമില്ലാത്തതിനാൽ അവർക്ക് മത്സരിക്കാൻ ആകെയുള്ളത് ജനറൽ വാർഡുകൾ മാത്രമാണ്. പക്ഷേ കഴിഞ്ഞ തവണ ജയിച്ച വനിതകൾ ഇക്കുറിയും അവിടെത്തന്നെ മത്സരിക്കണമെന്ന നിലപാടിലാണ്. ഇത് കൂടുതലും കോൺഗ്രസിലാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം മെമ്പറും കൗൺസിലറുമൊക്കെയായതിന്റെ വിലയറിഞ്ഞപ്പോൾ വീണ്ടും കൗൺസിലറാവണമെന്ന മോഹം ഒരു വശത്ത്. മറ്റേതെങ്കിലും വാർഡിൽ പോയി മത്സരിച്ചാൽ തോറ്റുപോയാലോ എന്ന പേടി മറുവശത്ത്. ആദ്യമായി ഇലക്ഷനിൽ നിന്ന് ഒരു വനിതാ സ്ഥാനാർത്ഥി ജയിച്ചെങ്കിൽ ഇനിയും എവിടെ നിന്നാലും വിജയിക്കാമെന്നാണ് ആണുങ്ങൾ പറയുന്നത്. പക്ഷേ പല പെണ്ണുങ്ങളും അതു കേൾക്കാൻ തയ്യാറല്ല. ജനറൽ സീറ്റിൽ തന്നെ മത്സരിക്കാൻ വമ്പൻ സ്വാധീനം ചെലുത്തുന്ന വനിതകളും കുറവല്ല. ഇടതു മുന്നണിയിലും ബി.ജെ.പി യിലും താരതമ്യേന ഈ പ്രശ്‌നം കുറവാണ്. അവിടെ നേതാക്കളുടെ ചരട് വലിയിലൂടെയാണ് ജനറൽ സീറ്റുകളിൽ വനിതകളെ എത്തിക്കുന്നത്. ഈ ചരടുവലി ചില സ്ഥാനാർത്ഥികളെ വെട്ടാനും ചിലരെ പ്രസിഡന്റും മേയറുമൊന്നും ആക്കാതിരിക്കാനുമാണ്. തിരഞ്ഞെടുപ്പിന് മുൻപുതന്നെ അവരുടെ മനസിൽ മേയർ, പ്രസിഡന്റ്, ചെയർമാർ തുടങ്ങിയ സ്ഥാനങ്ങളിൽ വ്യക്തതയുണ്ട്. കോൺഗ്രസിൽ അതല്ല സ്ഥിതി. നിയമസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് മത്സരിക്കാൻ സീറ്റു കിട്ടാത്ത ഡി.സി.സി വരെയുളള ഭാരവാഹികൾക്ക് ഒരു മെമ്പറായി ജയിച്ച് വല്ല പഞ്ചായത്ത് പ്രസിഡന്റോ മേയറോ ചെയർമാനോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോ ഒക്കെയാകാനാണ് മോഹം. അതിന് പല പെണ്ണുങ്ങളും ഒഴിഞ്ഞുകൊടുക്കുന്നുമില്ല. എന്തായാലും ആണുങ്ങൾ വല്ലാത്ത പൊല്ലാപ്പിൽ തന്നെയാണ്. നേതൃത്വം ഇടപെട്ടാലേ പ്രതിസന്ധികൾക്ക് പരിഹാരമാവൂ.