pho
തെന്മല ശെന്തുരുണി മേഖലയിലെ അണക്കെട്ട് പ്രദേശത്തെ ജലാശയത്തിൽ കുട്ട വഞ്ചി സവാരിയുടെ ട്രയൽ നടത്തുന്ന ജീവനക്കാർ

പുനലൂർ:കൊവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി അടച്ച് പൂട്ടിയിരുന്ന തെന്മല ഇക്കോ ടൂറിസത്തോട് ചേർന്ന ശെന്തുരുണി ഇക്കോ ടൂറിസം മേഖല ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാകും ശെന്തുരുണി വന്യജീവി സങ്കേതം തുറക്കുക.വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന ശെന്തുരുണി മേഖല അടച്ച് പൂട്ടിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വനം വകുപ്പ് നേരിടുന്നത്.ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ശെന്തുരുണി മേഖലയും തുറന്ന് പ്രവർത്തിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ രണ്ട് ആഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു.ഇത് കണക്കിലെടുത്താണ് ഇന്ന് മുതൽ തെന്മല ശെന്തുരുണി ഇക്കോ ടൂറിസം മേഖല തുറന്ന് പ്രവർത്തിക്കുന്നത്.

ടിക്കറ്റുകൾ ഓൺലൈനായി

ശെന്തുരുണി മേഖലയോട് ചേർന്ന പരപ്പാർ അണക്കെട്ട് ജലാശയത്തിലെ ഉല്ലാസ ബോട്ട് യാത്ര, കുട്ട വഞ്ചി, ചങ്ങാട യാത്രകൾക്ക്പുറമെ ജീപ്പ്, സഫാരി, ട്രക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയവയും ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് വേണ്ടി തുറന്ന് നൽകും.ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യണം.കർശന നിയന്ത്രണങ്ങളോടെയാകും ഓരോ സോണിലും വിനോദ സഞ്ചാരികളെ കടത്തിവിടുക.

പഴയകാല പ്രതാപത്തിലേക്ക്
വിനോദസഞ്ചാരികൾക്ക്ഉല്ലാസ ബോട്ട് യാത്രക്കിടെ കാട്ടാന, പുലി, കാട്ടുപോത്ത് മാൻ, മ്ലാവ്,കടുവ തുടങ്ങിയവക്ക് പുറമെ വിവിധയിനം പക്ഷികളെയും നേരിൽ കാണാനുംകാനന ഭംഗി ആസ്വദിക്കാനും കഴിയും.ശെന്തുരുണി വന്യ ജീവി മേഖലയോട് ചേർന്ന തെന്മല ഇക്കോ ടൂറിസം മേഖല കഴിഞ്ഞ ആഴ്ച വിനോദ സഞ്ചാരികൾക്ക് വേണ്ടി തുറന്ന് നൽകി. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ടൂറിസ്റ്റുകൾ ഇക്കോ ടൂറിസം മേഖലയിൽ എത്തി തുടങ്ങി.ഇന്ന് ശെന്തുരുണി മേഖല കൂടി തുറന്ന് നൽകുന്നതോടെ തെന്മലയിലെ ടൂറിസം മേഖല വീണ്ടും പഴയകാല പ്രതാപത്തിലേക്ക് എത്തുന്നതിൻെറ ആഹ്ലാദത്തിലാണ് പ്രദേശവാസികളും വ്യാപാരികളും.

പത്ത് വയസിന് താഴെയും 65വയസിന് മുകളിലുമുള്ള വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിനോദസഞ്ചാരികളെ നിയന്ത്രക്കുന്ന ഗൈഡുകൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

ടി.എസ്.സജു

അസി. വൈൽഡ് ലൈഫ് വാർഡൻ