 
 ടെണ്ടർ നടപടികൾ പൂർത്തിയായി
കൊല്ലം: മൂന്നാംകുറ്റി മത്സ്യമാർക്കറ്റ് നവീകരണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 140.40 ലക്ഷം രൂപ ചെലവിൽ മാർക്കറ്റ് നവീകരിക്കുന്ന പദ്ധതിക്ക് നേരത്തെ കിഫ്ബി അനുമതി ലഭിച്ചിരുന്നു.
പദ്ധതി പ്രകാരം നിലവിലുള്ള മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 440 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മാർക്കറ്റ് സമുച്ചയം നിർമ്മിക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുന്ന തരത്തിൽ രണ്ട് ബ്ലോക്കുകളായാണ് നിർമ്മാണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകും വിധമാണ് രൂപകല്പന. തീരദേശ വികസന കോർപ്പറേഷനാണ് നിർവഹണ ഏജൻസി.
സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകൾ ആധുനികവത്കരിച്ച് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് മൂന്നാംകുറ്റിയിലും നവീകരണം നടക്കുന്നത്. 65 മാർക്കറ്റുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നൽകിയത്. 114.77 ലക്ഷം രൂപ ചെലവിൽ തങ്കശേരി മാർക്കറ്റ്, 150.09 ലക്ഷം രൂപ ചെലവിൽ കടപ്പാക്കട മാർക്കറ്റ് എന്നിവയുടെ നവീകരണത്തിനുള്ള ടെണ്ടർ നടപടികളും പൂർത്തിയായിട്ടുണ്ട്.
 ഹൈടെക്ക് മത്സ്യമാർക്കറ്റ്
1. റീട്ടെയിൽ ഷോപ്പുകൾ
2. ഫിഷ് ഔട്ട്‌ലെറ്റുകൾ
3. ബുച്ചർ സ്റ്റാളുകൾ
4. കോൾഡ് സ്റ്റോറേജ്
5. ഡ്രെയിനേജ് സൗകര്യം
6. മലിനജല സംസ്‌കരണ പ്ലാന്റ്
7. ഇന്റർലോക്കിംഗ് പാകിയ പാർക്കിംഗ്
8. തറയിൽ ആന്റിസ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകൾ
9. ആധുനിക ശുചിമുറികൾ
 ഓൺലൈൻ വിപണനവും
ഓൺലൈൻ സംവിധാനത്തോട് കൂടിയുള്ള മത്സ്യവിപണനത്തിന് ആവശ്യമായ പ്രിപ്പറേഷൻ റൂമും മൂന്നാംകുറ്റി മത്സ്യമാർക്കറ്റിൽ സജ്ജീകരിക്കും. ഓരോ സ്റ്റാളിനും ആവശ്യമായ സ്റ്റീൽ സിങ്കുകൾ, ട്രെയിനേജ് സംവിധാനം, മാൻഹോളുകൾ എന്നിവ ഉണ്ടായിരിക്കും.
 മൂന്നാംകുറ്റിക്കൊപ്പം തങ്കശേരി, കടപ്പാക്കട മത്സ്യമാർക്കറ്റുകളും ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ