 
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.സ്കൂളിന് ഹൈടെക് അടുക്കളയൊരുങ്ങുന്നു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാമല ഗവ.എൽ.പി സ്കൂളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയുറപ്പിൽ അടുക്കള നിർമ്മിക്കുന്നത്. പഞ്ചായത്തിൽ ആദ്യമായിട്ടാണ് തൊഴിലുറപ്പ് പദ്ധതി വഴി വിദ്യാലയത്തിന് അടുക്കള നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ പാതി പിന്നിട്ടുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റ് നടത്താം. പുല്ലാമല വാർഡിൽ അറുപതിൽപ്പരം തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് അടുക്കള നിർമ്മാണത്തിന് ഇറങ്ങിയത്. പഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേർന്ന് കെട്ടിട നിർമ്മാണത്തിന് പരിശീലനം നൽകിയവരും കൂട്ടത്തിൽ ചേർന്നു. മണ്ണൊരുക്കൽ മുതൽ കട്ട കെട്ടുവരെ ഇവരെല്ലാം ചേർന്നാണ് ചെയ്യുന്നത്. പാചക മുറിയും സ്റ്റോർ മുറിയും ഹാളും ചേരുന്ന കിച്ചൻ ഷെഡാണ് ഇവിടെ ഒരുക്കുന്നത്. സ്കൂൾ വളപ്പിൽ നേരത്തെ ഉണ്ടായിരുന്ന അടുക്കള പൊളിച്ച് നീക്കിയ ശേഷമാണ് ഇതേ സ്ഥാനത്ത് പുതിയ കിച്ചൻ ഷെഡ് നിർമ്മിക്കുന്നത്. കുറച്ച് സ്ഥലംകൂടി കൂടുതൽ എടുക്കേണ്ടി വന്നുവെന്ന് മാത്രം. അസൗകര്യങ്ങളുടെ നടുവിൽ നിന്നും വിദ്യാലയത്തിന്റെ അടുക്കളയും ഹൈടെക് ആകുന്നതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ. 35 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്. ഇതിൽ പരമാവധി സൗകര്യങ്ങൾ ഇതിനകം ഒരുക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞു.
ഡൈനിംഗ് ഹാളും റെഡി
വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം കഴിക്കാനായി ഡൈനിംഗ് ഹാൾ നിർമ്മിച്ചത് ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നും വിരമിച്ച സൂപ്രണ്ടും സ്കൂളിന്റെ അയൽക്കാരനുമായ സോമരാജൻ രണ്ട് ഡൈനിംഗ് ടേബിളുകളും പത്ത് കസേരയും സംഭാവന ചെയ്തിട്ടുമുണ്ട്.
പരിമിതികൾ നികത്താൻ പരിശ്രമിക്കുന്നു
തികച്ചും ഗ്രാമപ്രദേശമാണ് പുല്ലാമല. കശുഅണ്ടി, കർഷക കുടുംബങ്ങളാണ് അധികവും ഇവിടെ താമസിക്കുന്നത്. അവരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള ഏക വിദ്യാലയമാണ് പുല്ലാമല ജി.ഡബ്ള്യൂ.എൽ.പി സ്കൂൾ. സ്ഥല പരിമിതികൾ ഏറെയുണ്ടെങ്കിലും പഞ്ചായത്തിന്റെയും വിവിധ ഏജൻസികളുടെയും സഹായത്താൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ടൈൽസ് പാകി മനോഹരമാക്കി, സ്മാർട്ട് ക്ളാസ് മുറികളാെരുക്കി വേണ്ടത്ര ഫർണിച്ചറുകളും ലഭ്യമാക്കി. നഴ്സറിയ്ക്കായി കെട്ടിടം റൂഫ് ചെയ്ത് നവീകരിച്ചു. ടൊയ്ലറ്റുകൾക്ക് കോൺക്രീറ്റ് മേൽക്കൂര നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്തു. ഇപ്പോൾ ഡൈനിംഗ് ഹാൾ പൂർത്തിയാക്കി. ഇനി കിച്ചൻ ഷെഡുംകൂടി ആകുന്നതോടെ മെച്ചപ്പെട്ട സൗകര്യങ്ങളാകും.
വി.കെ.ജ്യോതി, ഗ്രാമപഞ്ചായത്തംഗം