
കൊല്ലം: കൊവിഡ് കാലത്ത് മദ്യവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. ആവശ്യക്കാരേറിയതോടെ വിലയ്ക്കൊപ്പം കഞ്ചാവിന്റെ ഡിമാന്റും കുതിച്ചുയർന്നു. എക്സൈസും പൊലീസും പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും കടത്ത് പൂർണമായും തടയാനായിട്ടില്ല.
ഓണം സ്പെഷ്യൽ ഡ്രൈവിലും അതിന് ശേഷവും ഇരുവിഭാഗവും നടത്തിയ പരിശോധനയിൽ പലസ്ഥലങ്ങളിൽ നിന്നായി കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയത്. മയക്കുമരുന്ന് ലോബിയാകട്ടെ പല സ്ഥലങ്ങളിൽ നിന്നായി രഹസ്യമാർഗങ്ങളിലൂടെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിച്ച് വില്പന നടത്തി ചാകരക്കൊയ്ത്ത് നടത്തുകയാണ്. കൊല്ലം നഗരത്തിൽ പോളയത്തോട്, പള്ളിമുക്ക്, ഇരവിപുരം, തട്ടാമല, ആശ്രാമം മൈതാനം, കരിക്കോട് എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, ശാസ്താംകോട്ട, ആഞ്ഞിലിമൂട്, വാട്ടർ ഹൗസ് പ്രദേശങ്ങളിലും കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. പച്ചക്കറി, തണ്ണിമത്തൻ, ഉണക്കമീൻ, മുട്ട, പൈനാപ്പിൾ എന്നിവയ്ക്കിടയിലും കുട്ടികളുടെ ബുക്കുകൾ കൊണ്ടുവരുന്ന വാഹനത്തിൽ ഒളിപ്പിച്ചുമാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് അതിർത്തി കടത്തുന്നത്.
പിടിച്ചത് 500 കിലോയോളം
കഴിഞ്ഞ ഒരുമാസത്തിനകം കിലോക്കണക്കിന് തൂക്കംവരുന്ന പാഴ്സലുകളായി കടത്തിയ അഞ്ഞൂറ് കിലോയോളം കഞ്ചാവാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയത്. പി.പി.ഇ കിറ്റ് ധരിച്ച് സാഹസികമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഓണക്കാലത്തും അതിനുശേഷവുമായി ഏതാണ്ട് നൂറ് കിലോയോളം കഞ്ചാവ് പല സ്ഥലങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്.
കടത്ത് പല വിധത്തിൽ
കൊവിഡ് ഭയന്ന് അയൽസംസ്ഥാന വാഹനങ്ങൾ പലതും തുറന്ന് പരിശോധിക്കാൻ പൊലീസോ എക്സൈസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകില്ല. വാഹന പരിശോധന രേഖകളിലൊതുങ്ങിയതാണ് കഞ്ചാവ് കടത്ത് പെരുകാൻ കാരണം. രണ്ട് കിലോഗ്രാം വീതം തൂക്കം വരുന്ന പാഴ്സലുകളാക്കി ബ്രഡ് പായ്ക്കറ്റിന്റെ വലിപ്പത്തിൽ യന്ത്രസഹായത്തോടെ പായ്ക്ക് ചെയ്താണ് കടത്ത്. ലോറികളിലും മറ്റും ചരക്ക് സാധനങ്ങൾക്കുള്ളിൽ ഡസൻകണക്കിന് പാക്കറ്റുകൾ ഇത്തരത്തിൽ ഒളിപ്പിച്ച് കടത്തുന്നുണ്ട്.
പ്രധാന ഉപഭോക്താക്കൾ കൗമാരക്കാർ
കൗമാരക്കാരാണ് കഞ്ചാവിന്റെ പ്രധാന ഉപഭോക്താക്കൾ. സ്കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാർത്ഥികളും യുവാക്കളുമാണ് ചില്ലറക്കച്ചവടക്കാരിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത്. മദ്യം പോലെ ഗന്ധം കൊണ്ട് ആളുകൾ തിരിച്ചറിയില്ലെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിച്ചത്. കൊല്ലം നഗരവും പരിസര പ്രദേശങ്ങളും ബീച്ചുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുമാണ് കഞ്ചാവിന്റെ പ്രധാന കമ്പോളങ്ങൾ.
പതിനാലിരട്ടി ലാഭം
ആന്ധ്രയിൽ നിന്ന് 6400 രൂപയ്ക്ക് വാങ്ങുന്ന ഒരു പാക്കറ്റ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നത് 95,000 രൂപയ്ക്കാണ്. പതിനാലിരട്ടിയാണ് ലാഭം. കൊവിഡ് യാത്രാവിലക്കുകൾക്കിടയിലും ആന്ധ്രയിലെ നക്സൽ കേന്ദ്രങ്ങളിലെ കഞ്ചാവ് പാടങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവാണ് കേരളത്തിലേക്ക് കടത്തുന്നത്. ലോക്ക് ഡൗണിന് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ കച്ചവടക്കാർ തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും പോയി കഞ്ചാവ് കൊണ്ടുവന്ന് വില്പന നടത്തുകയായിരുന്നു പതിവ്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ആരീതി മാറി. ട്രെയിനുകളും അന്തർ സംസ്ഥാന ബസുകളും വഴി തുച്ഛമായ മുതൽമുടക്കിൽ കേരളത്തിലെത്തിയിരുന്ന കഞ്ചാവ് ഇപ്പോൾ അതിർത്തി കടക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം.