 
നവീകരണം പൂർത്തിയായ ബീച്ചുകൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം: ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ കൊല്ലം, താന്നി ബീച്ചുകൾ മുഖംമിനുക്കി സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി. നവീകരണം പൂർത്തിയായ ബീച്ചുകൾ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കൊല്ലം ബീച്ചിനായി 1.57 കോടി രൂപയും താന്നിയിൽ 68.4 ലക്ഷം രൂപയുമാണ് നവീകരണത്തിനായി മുടക്കിയത്. കൊവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കും. ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ മുഖേനയാണ് നവീകരണം പൂർത്തിയാക്കിയത്.
വലിപ്പം കൂട്ടി, ഇരിപ്പിടങ്ങളൊരുക്കി കൊല്ലം ബീച്ച്
വലിപ്പക്കുറവായിരുന്നു കൊല്ലം ബീച്ചിന്റെ പ്രധാന പരിമിതി. ചെറിയ സ്ഥലത്ത് ആയിരങ്ങൾ ഒത്തുചേരുന്നതിന്റെ ബുദ്ധിമുട്ടുകൾ നിസാരമായിരുന്നില്ല. സ്ഥലക്കുറവ് കാരണം പലരും തിരമാലകൾക്ക് അടുത്തേക്ക് നീങ്ങിയത് അപകടങ്ങൾക്കും വഴിയൊരുക്കിയിരുന്നു. നവീകരണത്തിലൂടെ പ്രധാനമായും ഈ പരിമിതികൾ പരിഹരിക്കാനാണ് ശ്രമിച്ചത്.
1. ഇരുവശങ്ങളിലേക്കും ബീച്ചിന്റെ വിസ്‌തൃതി വർദ്ധിപ്പിച്ചു
2. ഇതോടെ മണൽപ്പരപ്പ് വിശാലമായി
3. വലിപ്പം കൂടിയതോടെ അപകടങ്ങൾ കുറഞ്ഞെന്ന് ടൂറിസം വകുപ്പ്
4. മണൽപ്പരപ്പിന്റെ വശങ്ങളിൽ ഇരിപ്പിടങ്ങളൊരുങ്ങി
5. ബീച്ചിലേക്ക് വാഹനങ്ങൾക്ക് ഇറങ്ങാൻ റാമ്പ് നിർമ്മിച്ചു
6. തണൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കല്ലുകെട്ടി തറകളൊരുക്കി
7. മരങ്ങൾ വളരുന്നതോടെ തണലേറ്റ് തിരമാലകൾ കാണാൻ അവസരം
സൗന്ദര്യ തികവായി താന്നി ബീച്ച്
രണ്ട് പുലിമുട്ടുകൾക്കിടയിൽ സ്വാഭാവികമായി രൂപംകൊണ്ടതാണ് താന്നി ബീച്ച്. ടൂറിസം വകുപ്പിന്റെ ശ്രദ്ധ ആദ്യം പതിയാതെ പോയ ഇവിടെ ജനങ്ങൾ വൻതോതിൽ എത്തിയിരുന്നു. പലപ്പോഴും കൊല്ലം ബീച്ചിനേക്കാൾ തിരക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു. 68.4 ലക്ഷം രൂപ മടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്.
1. താന്നി ബീച്ചിനെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു
2. ബീച്ചിൽ എത്തുന്നവർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ
3. തലസ്ഥാനം മുതൽ ആലപ്പുഴ വരെ നീളുന്ന ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും
4. പരവൂർ പൊഴിക്കരയിലും സൗകര്യങ്ങൾ രൂപപ്പെടുന്നു
5. കൂടുതൽ സൗകര്യങ്ങളുള്ള താന്നിയിൽ സഞ്ചാരികളുടെ തിരക്കേറും
ബീച്ചുകളെല്ലാം കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുകയാണ്. തീരദേശ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ കൊല്ലം, താന്നി ബീച്ചുകളിൽ കൂടുതൽ സഞ്ചാരികളെത്തും.
സി. സന്തോഷ് കുമാർ, സെക്രട്ടറി സി.ടി.പി.സി കൊല്ലം