
പുനലൂർ, കരുനാഗപ്പള്ളി, തേവള്ളിയിലെ ജില്ലാ മൃഗാശുപത്രി എന്നിവിടങ്ങളിൽ 24 മണിക്കൂറും സേവനം
കൊല്ലം: ദിവസം മുഴുവൻ പ്രവർത്തിക്കുന്ന മൃഗാശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത തേടി മൃഗ സംരക്ഷണ വകുപ്പ്. പുനലൂർ, കരുനാഗപ്പള്ളി മൃഗാശുപത്രികളുടെ പ്രവർത്തനം 24 മണിക്കൂറായി ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞ ആഴ്‌ച മന്ത്രി കെ. രാജു നിർവഹിച്ചിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയും ദിവസം മുഴുവൻ പ്രവർത്തിക്കുന്നുണ്ട്. കർഷകർ, ഓമന മൃഗങ്ങളെ വളർത്തുന്നവർ തുടങ്ങിയവർക്ക് ദിവസം മുഴുവൻ പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ വലിയ ആശ്വാസമാകും. സ്വകാര്യ മേഖലയിൽ മികച്ച സൗകര്യങ്ങളോട് കൂടിയ മൃഗാശുപത്രികൾ ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രികളാണ് കർഷകർക്ക് ആശ്വാസം.
3 ഷിഫ്‌ടുകൾ
മൂന്ന് ഷിഫ്‌റ്ടുകളിലായാണ് ഇവിടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുക. രാവിലെ എട്ട് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുമുള്ള ഷിഫ്‌റ്റിൽ ഓരോ ഡോക്ടർമാരുടെ സേവനമുണ്ടാകും. രോഗ നിർണയത്തിന് വേണ്ടി ബ്ലഡ് അനാലിസിസ്, കിഡ്നി ഫംഗ്ഷൻ ടെസ്റ്റ്, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ബ്ലഡ് കൗണ്ട് തുടങ്ങി വിവിധ രക്ത പരിശോധനകൾക്ക് ആവശ്യമായ ലാബ് സൗകര്യങ്ങളും ഇവിടെയുണ്ട്.
രാത്രിയിൽ ഡോക്ടറുടെ സേവനം
മുഖത്തല, ചിറ്റുമല, ചവറ ബ്ലോക്ക് പഞ്ചായത്തുകളൊഴികെ മറ്റ് എട്ട് ബ്ലോക്കുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയും സന്ധ്യയ്ക്ക് ആറ് മുതൽ പുലർച്ചെ ആറ് വരെയും എന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം. രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന ആശുപത്രികൾ കൂടി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ആശുപത്രികളാക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്.