
മാനസിക സമ്മർദ്ദങ്ങൾക്കുള്ള മരുന്നാണ് ചിരി. ടെൻഷൻ കുറയ്ക്കാൻ പലയിടങ്ങളിലും ചിരി ക്ളബുകൾ ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചിരി പലരിലും മങ്ങിയിട്ടുണ്ട് . മനസു തുറന്നൊന്ന് ചിരിക്കാൻ കൊവിഡ് നമ്മളെ അനുവദിക്കുന്നില്ലെന്നതാണ് സത്യം. മഹാമാരിയായ കൊവിഡ് പടർന്നുപിടിച്ചതുപോലെ വർഷങ്ങൾക്ക് മുൻപ് ടാൻസാനിയയിൽ ഒരു രോഗം പടർന്നുപിടിച്ചിരുന്നു. കേട്ടാൽ അത്ഭുതം തോന്നുന്ന പകർച്ചവ്യാധി ചിരിയായിരുന്നു അത്. ടാൻസാനിയയിലെ ഒരു പെൺകുട്ടിയിൽ തുടങ്ങിയ ചിരി രോഗം നാടാകെ പടർന്നു. ഇപ്പോൾ മനസിലായോ ചിരി ദുഃഖമകറ്റാനുള്ള മരുന്നുമാത്രമായിരുന്നില്ല മഹാവ്യാധിയായും രൂപപ്പെട്ടിട്ടുണ്ടെന്ന്. ടാംഗനിക്ക എന്ന ടാൻസാനിയൽ പെൺകുട്ടിക്കാണ് ചിരിരോഗം ആദ്യം വന്നത്. അവളുടെ ചിരികണ്ട് കൂട്ടുകാരികളെല്ലാം ഒന്നടങ്കം ചിരിച്ചുതുടങ്ങി. സ്കൂൾ കുട്ടിയായ ടാംഗനിക്ക സ്കൂളാകെ ആ ചിരി പടർത്തി. വൈകാതെ ആ ചിരി വെറും ചിരിയല്ലെന്ന് ആളുകൾ മനസിലാക്കി. പലർക്കും ആ ചിരി നിറുത്താനായില്ല. ഇരുന്നും കിടന്നും വരെ ആളുകൾ ചിരിച്ച് തുടങ്ങി. ചിലർ ചിരിച്ച് ചിരിച്ച് അവശരായി. എന്നിട്ടും ആർക്കും ചിരി നിറുത്താനായില്ല. സ്കൂളിൽ നിന്ന് കിട്ടിയ ചിരി കുട്ടികൾ വീടുകളിലും കൊടുത്തു. വീട്ടുകാരും ചിരിച്ചു തുടങ്ങി. അയൽവാസികളും നാട്ടുകാരും മത്സരിച്ച് ചിരിച്ചു. അങ്ങനെയങ്ങനെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചിരി പടർന്നു.പ്രദേശത്തെ ആയിരത്തിലധികമാളുകൾ ചിരിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ചിരികാരണം സ്കൂളുകൾ അടച്ചു. ഈ ചിരിരോഗം വെറുമൊരു കെട്ടുകഥയല്ല കേട്ടോ. ഒരുതരം മാനസിക സംഘർഷങ്ങളിൽ നിന്നാണ് ടാൻസാനിയക്കാർക്ക് ചിരി രോഗം വന്നതെന്ന് പിന്നീട് ടെക്സാസ് എ ആൻഡ് എ സർവകലാശാലയിലെ ക്രിസ്റ്റ്യൻ ഹെംപെൽമാൻ പറഞ്ഞിരുന്നു. 'സോഷ്യോജെനിക് ഇൽനെസ്" എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്ര ഭാഷ.