x-l
പാവുമ്പതെക്ക് കൈത്തറിയുണിറ്റിൽ തുണി നെയ്യുന്ന തൊഴിലാളി .

അസംസ്കൃത വസ്തുക്കളില്ല

കൂലി കുറവ്

ഉപകരണങ്ങളുടെ കാലപ്പഴക്കം

തഴവ :തഴവയിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമായിരുന്ന കൈത്തറി മേഖല തകർച്ചയിലായി. 1940 മുതലാണ് മണപ്പള്ളി,പാവുമ്പ മേഖലകളിൽ നൂല് നൂൽപ് ,തുണി നെയ്ത്ത് എന്നിവ പ്രചാരത്തിലാകുന്നത്. വീടുകളിൽ ചർക്ക ഉപയോഗിച്ച് നൂൽനൂറ്റും നെയ്ത്ത് ജോലികളിൽ ഏർപ്പെട്ടും കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളാണ് ഇന്ന് ഈ മേഖല ഉപേക്ഷിച്ച് പോകുന്നത്.

അസംസ്കൃത വസ്തുക്കളുടെ അപര്യാപ്തത, വിപണനത്തിനുള്ള വൈദഗ്ദ്യമില്ലാഴ്മ , ഇടനിലക്കാരുടെ ചൂഷണം എന്നിവയാണ് തഴവ യിലെ കൈത്തറി മേഖലയെ തകർത്തതെന്ന് തൊഴിലാളികൾ പറയുന്നു.

പാവുമ്പതെക്ക്, മണപ്പള്ളി എന്നിവടങ്ങളിൽ ഗാന്ധി സ്മാരക നിധിയുടെ പേരിൽ കുടിൽ വ്യവസായ സഹകരണ സംഘങ്ങൾ രൂപീകരിച്ചും പാവുമ്പയിൽ ഖാദി ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപനം ആരംഭിച്ചും പഞ്ചായത്തിലെ കൈത്തറി മേഖലയെ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല.

600ൽ നിന്ന് 60ലേയ്ക്ക്

1977 ൽ അറുന്നൂറ് തൊഴിലാളികളുമായി ആരംഭിച്ച മണപ്പള്ളിയിലെ കൈത്തറി യൂണിറ്റിൽ നിലവിൽ അറുപത് പേർ മാത്രം ജോലി നോക്കുമ്പോൾ പാവുമ്പതെക്ക് യൂണിറ്റിൽ രണ്ട് പേർമാത്രമാണ് അവശേഷിക്കുന്നത്. ഖാദി ബോർഡിന്റെ നിയന്ത്രണത്തിൽ മുപ്പത് പേരുമായി പാവുമ്പയിൽ തുടങ്ങിയ തൊഴിൽശാലയിലും പന്ത്രണ്ട് തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്കെത്തുന്നത്.

വൈദഗ്ദ്യമുള്ള ഒരു തൊഴിലാളി കഠിനാധ്വാനം ചെയ്താൽ പോലും ദിവസം പരമാവധി മുന്നൂറ് രൂപയാണ് വേതനമായി ലഭിക്കുന്നത്. ഒരു കൈ നൂലിന് പത്ത് മുതൽ പതിനാല് രൂപ വരെയാണ് നൂൽനൂൽപ് തൊഴിലാളികൾക്ക് കൂലി നിശ്ചയിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമത കുറഞ്ഞ ചർക്കകളിൽ ജീവിത ചക്രം തിരിക്കുന്ന തൊഴിലാളികൾക്ക് മതിയായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനോ, ഉപകരണങ്ങൾ നൽകുന്നതിനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രതികരണം

കൈത്തറി മേഖലയിൽ കാലോചിതമായ നവീകരണങ്ങൾ ഇല്ലാത്തതാണ് തൊഴിലാളികൾ പിരിഞ്ഞു പോകുവാൻ കാരണമായത്. മതിയായ വേതനം ലഭിക്കത്തക്ക തരത്തിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ നടപടി വേണം

എൻ.രാജൻ

മുൻ ചീഫ് ഓഡിറ്റർ

ഗാന്ധി സ്മാരകനിധി.

വേഗത തീരെയില്ലാത്ത ഉപകരണങ്ങളാണ് നിലവിലുള്ളത്. ഇത് ഉപയോഗിച്ച് വേഗത്തിൽ ജോലി ചെയ്താൽ പോലും തുശ്ചമായ വരുമാനമാണ് ലഭിക്കുന്നത്.

ലീല

മൗട്ടത്ത് തെക്കതിൽ

( തൊഴിലാളി)

മറ്റേല്ലാ മേഖലകളേയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കൂലിയാണ് തുണി നെയ്ത്തിന് കിട്ടുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചര വരെ ജോലി ചെയ്താൽ മുന്നുറ് രൂപയാണ് ലഭിക്കുന്നത്

ഇന്ദിര

വാലുതുണ്ടിൽ

തൊഴിലാളി .