കൊല്ലം: കൊല്ലം തോടിന്റെ വക്കിൽ തോട് പുറമ്പോക്ക് കൈയേറി സ്ഥാപിച്ചിരുന്ന വർക്ക്ഷോപ്പ് പൊളിച്ചുനീക്കി. കല്ലുപാലത്തിന് പകരമുള്ള പുതിയ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണത്തിന് തടസമായ സാഹചര്യത്തിലാണ് പൊളിച്ചുനീക്കൽ.
വർക്ക്ഷോപ്പ് ഉടമയ്ക്ക് നേരത്തെ സ്ഥലം ഒഴിയാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വർക്ക്ഷോപ്പ് ഉടമ കോടതിയെ സമീപിച്ചു. ഇതിനിടെ പാലം നിർമ്മാണം തുടങ്ങി. തോടിന്റെ വക്കിൽ കട നിൽക്കുന്നതിനാൽ ലക്ഷ്മിനട ഭാഗത്തെ പൈലിംഗ് മുടങ്ങി. പായിക്കട ഭാഗത്ത് നാല് പൈലുകൾ പൂർത്തിയായി. ഇതിനിടെ കോടതി വർക്ക് ഷോപ്പ് ഉടമയുടെ ഹർജി തള്ളി. ഈ സാഹചര്യത്തിലാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് പൊളിച്ചുനീക്കിയത്.
വരുംദിവസങ്ങളിൽ ലക്ഷ്മിനട ഭാഗത്തെ പൈലിംഗ് ആരംഭിക്കും. വർക്ക്ഷോപ്പ് നിന്നതിനാൽ മന്ദഗതിയിൽ നീങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.