hand

കൊല്ലം: ഒന്ന് മുഖം കഴുകാൻ കണ്ണാടിയിൽ നോക്കുമ്പോൾ അനിൽകുമാർ വിതുമ്പി. കൈകളില്ലാതെങ്ങന...? ചുടുമഴപോലെ കണ്ണീർ. ആ കാഴ്ച ഡോക്ടർമാരെയും വേദനയിലാഴ്ത്തി. ഷോക്കേറ്റ് കരിഞ്ഞുപോയ കൈകൾ നോക്കി വിതുമ്പിയ അനിൽകുമാറിന്റെ കണ്ണുനീരിൽ ഒരു ജീവിതം എരിഞ്ഞുപോകുന്നതിന്റെ വേദനയുണ്ടായിരുന്നു. കൈകൾ മുറിച്ചുമാറ്റിയതോടെ എല്ലാം നഷ്ടമായെന്ന് കരുതിയിരിക്കെയാണ് ഒൻപതു മാസങ്ങൾക്കുശേഷം പുതിയ കരങ്ങളെത്തിയത്.

കൊല്ലം കുളങ്ങര മുരുന്തൽ കളിയിലിൽ കിഴക്കതിൽ വീട്ടിൽ അനിൽകുമാർ (51)​ 30 വർഷമായി കെ.എസ്.ഇ.ബിയിൽ ഒരു കരാറുകാരന്റെ കീഴിൽ ജോലിചെയ്യുകയായിരുന്നു. വള്ളിക്കീഴിൽ കെ.എസ്.ഇ.ബിയുടെ പുതിയ ലൈൻവലിക്കലായിരുന്നു ജോലി. ജനുവരി 21ന് കൊല്ലത്തിനടുത്തെ രാമൻകുളങ്ങരയിൽ ലൈൻ വലിക്കാനായി പോസ്റ്റിൽ കയറവെയാണ് ഷോക്കേറ്റത്. ലൈൻ ഓഫാക്കിയെന്ന് സബ് എൻജിനിയർ കരാറുകാരനെ അറിയിച്ചതനുസരിച്ചാണ് പോസ്റ്റിൽ കയറിയത്. ലൈൻ ഓഫാക്കാൻ താമസിച്ചതിനാൽ ഷോക്കടിച്ച് സുരക്ഷാ ബൽറ്റിൽ തൂങ്ങിയാടി. രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു കൈകളും കരിഞ്ഞുപോയിരുന്നു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും തിരുവനന്തപുരത്തെ ആശുപത്രിയിൽ, രണ്ടുദിവസത്തിനുളളിൽ ഇടതു കൈ മുറിച്ചുമാറ്റി. വലതു കൈയെങ്കിലും സംരക്ഷിക്കാനുള്ള ഡോക്ടർമാരുടെ എല്ലാ ശ്രമങ്ങളും വിഫലമായി. ഒരാഴ്ചയ്ക്കുള്ളിൽ വലതു കൈയും മുറിച്ചുമാറ്റേണ്ടിവന്നു.

മയോ ഇലക്ട്രിക് കൈകൾ
കൈമുട്ടിനോട് ചേർത്തുവയ്ക്കുന്ന മയോ ഇലക്ട്രിക് കൈകളാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഡോ. ലക്ഷ്മീനായരുടെ നേതൃത്വത്തിൽ സജ്ജമാക്കിയത്. തെക്കേ ഇന്ത്യയിൽ ഒരാൾക്ക് ഇത്തരം കൈകൾ വയ്ക്കുന്നത് ആദ്യമായാണ്. 8മുതൽ 10 ലക്ഷം രൂപ വിലയുള്ള കൈകൾ സൗജന്യമായാണ് അനിൽകുമാറിന് നൽകിയത്. ഇടതുകൈയിലെ സ്വിച്ചിട്ടാൽ തള്ളവിരൽ പിന്നിലേക്കുമാറി പ്രവർത്തന സജ്ജമാവും. വലത്തേ കാലിന്റെ പാദത്തിൽ ഘടിപ്പിക്കുന്ന സെൻസറിലൂടെയാണ് വലതുകൈ ചലിക്കുന്നത്. കാലിന്റെ ചലനത്തിനനുസരിച്ച് മസിലുകളുടെ അവസ്ഥ തിരിച്ചറിഞ്ഞാണ് പ്രവർത്തനം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഈ കൈകൾക്ക് കഴിയും. ഇടതുകൈ ഉപയോഗിച്ചുതുടങ്ങി. ചില സാങ്കേതിക കാരണങ്ങളാൽ വലതുകൈ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ അതും ഘടിപ്പിക്കും.

കിടപ്പാടം ഇല്ല

വീടും വസ്തുവുമില്ലാത്ത അനിൽകുമാറിന്റെ ചികിത്സാച്ചെലവ് കരാറുകാരനാണ് നോക്കിയത്. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ കുറച്ചു പണം സ്വരൂപിച്ചു നൽകി. അനിൽകുമാറിനെ നോക്കേണ്ടതിനാൽ കാഷ്യു ഫാക്ടറിയിലെ ജോലിക്ക് പോകാൻ ഭാര്യ അജിതയ്ക്കു പറ്റാതായി. ആതിര, ആര്യ എന്നിവരാണ് മക്കൾ. അവരുടെ വിവാഹാവശ്യത്തിനായി താമസിച്ചിരുന്ന വീട് നേരത്തേ വിറ്റിരുന്നു.

''അനിൽ കുമാറിന്റെ അവസ്ഥ ഞാനുൾപ്പെടുന്ന ഡോക്ടർമാരെ ഒരുപാട് ചിന്തിപ്പിച്ചു. അദ്ദേഹത്തെ സഹായിക്കണമെന്ന ഉറച്ച തീരുമാനവും കിംസ് ആശുപത്രിയുടെ പ്രത്യേക സഹായ പദ്ധതിയും കൂടി ചേർന്നപ്പോഴാണ് മയോ ഇലക്ട്രിക്‌ കൈകൾ സജ്ജമാക്കാൻ കഴിഞ്ഞത്.

-ഡോ. ലക്ഷ്മീ നായർ, കിംസ് ആശുപത്രി