amina
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ആമിനയെ ആദരിക്കുന്നു

ഓച്ചിറ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയമം നേടിയ ആമിനയോട് ദുബായ് എഫ്.എം റേഡിയോ പ്രതിനിധി ചോദിച്ചത് "ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?" എന്നായിരുന്നു. ആമിനയുടെ അപ്രതീക്ഷിത മറുപടി ഉടൻ "എനിക്ക് രാഹുൽ ഗാന്ധിയെ കാണണം". പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. സുഹൃത്തും കോൺഗ്രസ് നേതാവുമായ ജി. മഞ്ജുക്കുട്ടൻ ആമിനയുടെ വീട്ടിലെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ വിവരം ധരിപ്പിച്ചു. കെ.സി വേണുഗോപാൽ മുഖേന രാഹുൽ ഗാന്ധിയെ അറിയിക്കുന്നു. നാളെ കാണാമല്ലോ എന്ന് അതീവ സന്തോഷത്തോടെയുള്ള മറുപടി ലഭിക്കുന്നു. ആമിന ഇന്ന് വയനാട്ടിലെത്തി രാഹുൽഗാന്ധിയെ കാണും. ഒപ്പം ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാലുമുണ്ടാകും.നീറ്റ് പരീക്ഷയിൽ 1916ാം റാങ്ക് നേടി ക്ലാപ്പന ഗ്രാമത്തിന്റെ അഭിമാനമായി മാറിയ ആമിനക്ക് ജന്മനാ ഒരു കൈയില്ല. വാടക വീട്ടിലെ പരിമിതമായ സൗകര്യങ്ങളെ നേരിട്ട് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസും പ്ലസ് ടുവിന് 1200-ൽ 1060 മാർക്കും ആമിന നേടിയായിരുന്നു. ക്ളാപ്പന കുറ്റിപ്പറമ്പിൽ ഷൗക്കത്ത്-ജാസ്മിൻ ദമ്പതികളുടെ മകളാണ് ആമിന. പിതാവ് ഷൗക്കത്ത് വിദേശത്തെ നിരവധി വർഷത്തെ ജോലിക്ക് ശേഷം ഇപ്പോൾ നാട്ടിൽ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയനാകേണ്ട ഷൗക്കത്തിന്റെയും ആമിനയുടെയും സഹോദരന്റെയും സംരക്ഷണം വിദേശത്ത് ആയയായി ജോലി ചെയ്യുന്ന മാതാവിന്റെ കൈകളിലാണ്.