
ഇരവിപുരം: മൊബൈൽ കാമറ ഉപയോഗിച്ച് വീട്ടമ്മയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സ്നേഹ നഗർ 88 കാവുങ്ങൽ കിഴക്കതിൽ നിന്ന് പുന്തലത്താഴം മംഗലത്ത് നടക്കടുത്ത് സഹകരണ ബാങ്കിന് സമീപം ശ്രീവൽസത്തിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷാണ് (28) അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ദൃശ്യം പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടമ്മ പരാതി നൽകിയതോടെ ഒളിവിൽപ്പോയ യുവാവിനെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരവിപുരം വനിതാ എസ്.ഐ നിത്യ സത്യൻ, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.